ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഇംഗ്ലണ്ടിന്റെ വസന്താരാമമായ കെന്റിന്റെ ഹൃദയഭാഗത്ത് വിശ്വാസ സൗരഭം പകര്‍ന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 27 ഞായറാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനില്‍ക്കുന്ന പനിനീര്‍കുസുമമായ എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത നേതൃത്വം വഹിച്ച് നടത്തുന്ന പ്രഥമ തിരുന്നാള്‍ എന്ന രീതിയില്‍ ഇത്തവണത്തെ എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനത്തിന് പ്രാധാന്യമേറെയാണ്.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയ ജപമാലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തോടെ തിരുന്നാളിന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ വികാരി ജനറല്‍മാരും വൈദികരും സന്യസ്തരുംഅല്‍മായ സമൂഹവും പങ്കുചേരും. സതക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍ മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ഗായകസംഘം തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കും. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിവിധ മാസ് സെന്ററുകളുടെ നേതൃത്വത്തില്‍ ഭാരതവിശുദ്ധരുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. ആഷ്ഫോര്‍ഡ്, കാന്റ്റര്‍ബറി, ക്യാറ്റ്ഫോര്‍ഡ്, ചെസ്റ്റ്ഫീല്‍ഡ്, ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, മോര്‍ഡെണ്‍, തോണ്ടന്‍ഹീത്ത്, ടോള്‍വര്‍ത്ത്, ബ്രോഡ്സ്റ്റേര്‍സ്, ഡാര്‍ട്‌ഫോര്‍ഡ്, സൗത്ബറോ എന്നീ കുര്‍ബാന സെന്റ്‌ററുകള്‍ പ്രദക്ഷിണത്തിനു നേതൃത്വം നല്‍കും.

സതക് ചാപ്ലയന്‍സി ആതിഥേയത്വം വഹിക്കുന്ന തിരുന്നാളിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി രൂപം കൊടുത്ത വിവിധ കമ്മിറ്റികളുടെയും മാസ്സ് സെന്റര്‍ പ്രതിനിധികളുടെയും ട്രസ്റ്റിമാരുടേയും സംയുക്തമായ മീറ്റിംഗ് കഴിഞ്ഞ തിങ്കളാഴ്ച ഡാര്‍ട്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെട്ടു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മാസ് സെന്ററുകളുടെയും, ഭക്ത സംഘടനകളുടെയും പ്രതിനിധികളുടെ നേതൃത്വത്തില്‍ സബ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. വിശ്വാസ സമൂഹത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി വോളണ്ടിയര്‍മാരുടെ വലിയ ഒരുനിര പ്രവര്‍ത്തനസജ്ജമായി നിലകൊള്ളുന്നു. ദൂരെനിന്നും വരുന്നവര്‍ക്കായി വിശ്രമത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പ്രത്യേക ക്രമീകരണങ്ങളും ഭക്ഷണത്തിനായി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരു ക്കിയിരിക്കുന്നത്.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ ഒന്നടങ്കം നടത്തുന്ന പ്രഥമതീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വംസ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിയ്ക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. ഹാന്‍സ് പുതിയാകുളങ്ങര – കോ-ഓര്‍ഡിനേറ്റര്‍, തിരുനാള്‍ കമ്മറ്റി (07428658756), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ – അസ്സിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (07832374201)

അഡ്രസ്: The Friars, Aylesford, Kent ME20 7BX