ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രവാസികളെല്ലാം വളരെയധികം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഫലമാണ് ചക്ക. ചക്കപ്പഴവും ചക്കപ്പുഴുക്കും കഴിക്കാനായി മാത്രം ചക്കയുടെ സീസണിൽ നാട്ടിൽ പോകുന്ന യുകെ മലയാളികൾ വരെ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളും യുകെയിലെ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും ചക്ക വളരെ വിരളമായിട്ട് മാത്രമാണ് ലഭിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ചക്ക പഴത്തിൻെറ വില കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടും. പുറംതോടുള്ളപ്പെടെയുള്ള ചക്കയ്ക്ക് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. ഏഷ്യൻ ഷോപ്പിൽനിന്ന് 2 കിലോ ചക്ക മേടിച്ചിട്ട് ഇരുപത് ചുള മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പരാതി പറയുന്ന മലയാളികളുമുണ്ട്. ചക്കപ്പുഴുക്കിനായിട്ട് യുകെ മലയാളികളുടെ ആശ്രയം വളരെ വിരളമായിട്ട് ഏഷ്യൻ ഷോപ്പുകളിൽ വരുന്ന ഫ്രോസൻ ചക്കയാണ്. എന്നാൽ മലയാളികൾക്ക് ചക്കയോടുള്ള  ആത്മബന്ധത്തെക്കാളുപരിയായി  ചക്ക നമ്മുടെ ഭക്ഷണമാകേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചാണ് ഡോക്ടർ എ. സി. രാജീവ്‌ കുമാർ വായനക്കാരുമായി പങ്കുവെയ്ക്കുന്നത്

നമ്മുടെ നാട്ടിൽ കേരളത്തിൽ സർവ്വ സാധാരണം ആയി ഉപയോഗിച്ചു വന്ന ഒരു ഫലം ആണ് ചക്ക. ഏതാണ്ട് ആറു മാസക്കാലം പട്ടിണി അകറ്റാൻ കേരളീയരെ സഹായിച്ച ചക്ക ഒരു കാലത്ത് അവഗണനയുടെ പിന്നാമ്പുറത്തതായിരുന്നു. എന്നാൽ സിഡ്‌നി സർവകലാശാലാ ഗവേഷകർ ഈ അത്ഭുത ഫലത്തെ കുറിച്ച് നടത്തിയ പഠനത്തെ തുടർന്ന് ഈ ഫലത്തിൻെറ ഔഷധഗുണം ലോകശ്രദ്ധ നേടി. അരിയുടെയോ ഗോതമ്പിന്റെയോ ഗ്ലൈസിമിക് ഇൻഡക്‌സിനേക്കാൾ കുറഞ്ഞ ചക്ക ഉപയോഗിക്കുന്നതാണ് നന്ന് എന്ന കണ്ടെത്തൽ പ്രമേഹ ബാധിതർക്ക് ആശ്വാസം ആണ് .

എന്റെ കുട്ടിക്കാലത്ത് അല്പം അകലെ ഉള്ള ഒരമ്മൂമ്മ വീട്ടിൽ വരുമായിരുന്നു. വന്നാലുടൻ ഒരു ചാക്ക് എടുത്തു പറമ്പിൽ ആകെ നടക്കും. പ്ലാവിൻ ചുവട്ടിൽ നിന്ന് ചക്കക്കുരു പെറുക്കി ചാക്ക് നിറച്ചതും ആയിട്ടാവും വൈകിട്ട് പോകുക. ഒരു ദിവസം അമൂമ്മയോട് ഈ ചക്കക്കുരു എന്തിനാ എന്നു ചോദിച്ചു. ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും എന്ന് പറഞ്ഞു.” അയ്യേ അതെന്തിന് കൊള്ളാം ” എന്ന് ചോദിച്ചപ്പോൾ “ഇതിൽ വിറ്റാമിൻ ഈറു ഉണ്ട് ” എന്നാണ് അമ്മൂമ്മ പറഞ്ഞത്. തൊണ്ണൂറ്റി എട്ട് വയസ്സ് വരെ രോഗമൊന്നും ഇല്ലാതെ ജീവിച്ചു ആ അമ്മൂമ്മ.

ഇന്ന് ചക്കയെ പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നു വരുന്നു. മനുഷ്യ ആരോഗ്യത്തിന് അവശ്യം ആയ പോഷകങ്ങളും ജീവകങ്ങളും ധാതു ലവണങ്ങളും ഫയ്‌റ്റോകെമിക്കൽസ് എന്നിവയാൽ സമൃദ്ധമാണ് ചക്ക. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ ആവും. പുറത്തെ മുള്ള് കളഞ്ഞു, ചക്ക മടൽ, അകത്ത് ചക്ക ചുള, ചുളക്ക് ചുറ്റും ഉള്ള ചകിണി, നടുക്ക് ചുള പറ്റി പിടിച്ചിരിക്കുന്ന കൂഞ്ഞി, മാംസളമായ ചുളയുടെ ഉള്ളിൽ ഉള്ള ചക്കക്കുരു, പഴുത്ത പ്ലാവില, പ്ലാവില ഞെട്ട് ഇവയെല്ലാം ഉപയോഗ യോഗ്യം ആണ്.

ചക്കക്കുരു ഉണക്കി പൊടിച്ചു പാലിൽ കുടിക്കുന്നത് ജരാ നരകൾ അകറ്റി ത്വക് സൗന്ദര്യത്തെ വർധിപ്പിക്കാനിടയാക്കും. ഉത്കണഠ, മാനസിക സംഘർഷം, രക്ത കുറവ്, കാഴ്ചത്തകരാർ എന്നിവ അകറ്റാൻ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുവാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചക്കയുടെ ഉപയോഗം സഹായിക്കും. ശരീര ഭാരം കുറയ്ക്കുവാനും നന്നെന്ന് പറയപ്പെടുന്നു.
പഴുത്താൽ ദൃഢത ഉള്ള ചുളയോട് കൂടിയ വരിക്കചക്കയും, ദൃഢത കുറഞ്ഞ മൃദുവും വഴുവഴുപ്പും ഏറെ നാരുള്ളതുമായ കൂഴ എന്നിങ്ങനെ രണ്ടിനം ചക്ക ആണ് കണ്ടു വരുന്നത്. ചക്ക ഉപ്പേരി വറുക്കാൻ വരിക്ക ഇനവും, ചക്ക അപ്പം ഉണ്ടാക്കാൻ കൂഴ ഇനവും സാധാരണ ഉപയോഗിക്കുന്നു. ചക്ക ശർക്കരയും ചേർത്ത് വരട്ടി ചക്ക വരട്ടി എന്ന ജാം പോലെയുള്ള വിഭവം ഏറെ ജനപ്രിയമാണ്. പച്ച ചക്ക ചുള വെക്കും മുമ്പുള്ള ഇടിച്ചക്ക, ഇറച്ചി മസാല ചേർത്ത് കറിയോ, മസാല ആയോ ഉപയോഗിച്ചു വരുന്നു. വിളഞ്ഞ ചക്കയുടെ ചുള എന്നിവ അവിയൽ, എരിശ്ശേരി എന്നിവയ്ക്കും ഉപയോഗിക്കുന്നു. ചകിണി തോരനായോ, കൂഞ്ഞി ഇറച്ചി മസാല ചേർത്ത് കറി ആയിട്ടോ ഉപയോഗിക്കാം. ചക്കക്കുരു മെഴുക്കുപുരട്ടി, തേങ്ങാ അരച്ചു കറി എന്നിവയ്ക്കും നന്ന്. ചക്ക പുഴുക്കും കഞ്ഞിയും നാടൻ വിഭവം ആയിരുന്നു.

ബെറി ഇനത്തിൽ പെട്ട പഴം തന്നെ ആണ് ചക്ക. ജാക്ക് ഫ്രൂട്ട്, ജാക്ക് ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സവിശേഷ വൃക്ഷം ഫലദായകവും ജീവകം സി, പൊട്ടാസ്യം, ഭക്ഷ്യ യോഗ്യമായ നാരുകൾ എന്നിവ അടങ്ങിയത് ആയതിനാൽ ആവണം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആകാൻ ഇടയുള്ള ഫലം എന്ന നിലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുതിയ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടുന്നു. കീമോ തെറാപ്പിയുടെ ദൂഷ്യ ഫലങ്ങൾ അകറ്റാൻ സഹായിക്കുന്നു എന്ന കണ്ടെത്തൽ ലോകത്തിന് വലിയ അനുഗ്രഹം ആകും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154