ബി ഉണ്ണികൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ഗിരീഷ് ബാബു. ആരോപണത്തില്‍ ഗിരീഷ് ബാബുവിന് ഫെഫ്ക കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാതെ ഇത്തരം വിശദീരണം ചോദിച്ചത് മറ്റുള്ളവരുടെ പണം കൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണെന്നും ഗിരീശ് പറയുന്നു.

ഫെഫ്ക ഓഫീസില്‍വെച്ച് ഫെഫ്ക അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍നിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന് ഗിരീഷ് ആരോപിക്കുന്നു. സിനിമയില്‍ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട് മോഹനാണ് ഗിരീഷിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് എതിരെ സമൂഹ മാധ്യമത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശത്തിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്ന് അറിയിക്കുന്നു എന്ന ഒറ്റ വാചകമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.

നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് താഴെ വായിക്കാം.

ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശ്ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാന്‍ ശ്രെമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.

എന്നാല്‍ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.

വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതീതനാണോ…?

മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.

അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ…?

സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും ‘ജാഗ്രതയോടെ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.