ലണ്ടന്‍: യാത്രക്കാരെ തരംതിരിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ടിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിംഗില്‍ പോലും മുന്‍ഗണന നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. ഡിസംബര്‍ 12 മുതല്‍ ബിഎ വിമാനങ്ങളില്‍ നടപ്പിലാക്കുന്ന ഗ്രൂപ്പ് ബോര്‍ഡിംഗ് സമ്പ്രദായമനുസരിച്ചാണ് ഇത്. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ യാത്രക്കാരെ ഓരോ ഗ്രൂപ്പുകളിലായി തരംതിരിക്കും. വിമാനത്താവളത്തിലായാലും ഓണ്‍ലൈനിലായാലും ടിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍ നടത്തുന്നത്. ബോര്‍ഡിംഗ് പാസില്‍ ഇവ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ന്യൂസ് ലെറ്ററില്‍ പറയുന്നു.

ഇതനുസരിച്ച് വിമാനങ്ങളില്‍ ആദ്യം ബോര്‍ഡിംഗ് അനുവദിക്കുന്നത് ബ്രിട്ടീഷ് എയര്‍വേയ്‌സ് എക്‌സിക്യൂട്ടീവ് ക്ലബ്ബിലെ ഗോള്‍ഡ് മെംബര്‍മാര്‍ക്കാണ്. ദീര്‍ഘദൂര സര്‍വീസുകളിലെ ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്കും ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളിലെ ബിസിനസ് ക്ലാസ്, ക്ലബ് യൂറോപ്പ് യാത്രക്കാര്‍ക്കും ഈ മുന്‍ഗണന ലഭിക്കും. അതിനു ശേഷം സില്‍വര്‍ മെംബര്‍മാര്‍ക്കും ദീര്‍ഘദൂര വിമാനങ്ങളിലെ ക്ലബ് വേള്‍ഡ് യാത്രക്കാര്‍ക്കുമാണ് മുന്‍ഗണന.

ഗ്രൂപ്പ് 3ല്‍ ബ്രോണ്‍സ് എക്‌സിക്യൂട്ടീവ് ക്ലബ് അംഗങ്ങള്‍ക്കും വേള്‍ഡ് ട്രാവലര്‍ പ്ലസ്, പ്രീമിയം ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുമാണ് അടുത്ത പരിഗണന ലഭിക്കുക. പ്രത്യേക സ്റ്റാറ്റസ് ഇല്ലാത്ത ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഗ്രൂപ്പ് 4ലാണ് സ്ഥാനം. ഹാന്‍ഡ് ബാഗോജ് ഒണ്‍ലി ഗണത്തില്‍ വരുന്ന യാത്രക്കാര്‍ക്ക് ഗ്രൂപ്പ് 5ലും സ്ഥാനം ലഭിക്കും. അതായത് ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പോലും അനുവദിക്കുക. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ചലനവൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബിഎ അറിയിച്ചു.