ബാബറി മസ്ജിദ് കേസില്‍ അദ്വാനിയും ജോഷിയും ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ബാബറി മസ്ജിദ് കേസില്‍ അദ്വാനിയും ജോഷിയും ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
April 19 07:52 2017 Print This Article

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2 വര്‍ഷത്തിനുള്ളില്‍ ഇടവേളകളില്ലാതെ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ സ്ഥാനം വഹിക്കുന്നതിനാല്‍ കല്ല്യാണ്‍സിംഗിനെ വിചാരണയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ഗൂഢാലോചന കുറ്റത്തിനാണ് ഇവര്‍ വിചാരണ നേരിടേണ്ടി വരിക. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നു കേട്ടിരുന്ന പേരുകളായിരുന്നു ഇവര്‍ മൂന്നുപേരും.

ഇവരടക്കം 13 നേതാക്കള്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീം കോടതി അലഹബാദ് കോടതി വിധി റദ്ദാക്കി. റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. കേസിലുള്‍പ്പെട്ട വിഐപികളുടെ കേസുകള്‍ റായ്ബറേലി കോടതിയിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മറ്റു കര്‍സേവകര്‍ക്കെതിരെയുള്ള കേസുകള്‍ ലക്‌നൗ കോടതിയില്‍ നടന്നു വരികയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. 13 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചിരുന്നത്. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്. രാമന്റെ ജന്‍മ സ്ഥലമാണ് തര്‍ക്കഭൂമിയെന്നും ക്ഷേത്രം പൊളിച്ചാണ് ഇവിടെ പള്ളി നിര്‍മിച്ചതെന്നും അലഹബാദ് കോടതി വിധിയില്‍ പറഞ്ഞിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles