ടെന്നസി: ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. ഇരുപത്താറുകാരിയായ ടീന ഗിബ്‌സണ്‍ ജന്മം നല്‍കിയ എമ്മ റെന്‍ എന്ന് പെണ്‍കുഞ്ഞാണ് ഈ അദ്ഭുത ശിശു. ഇത്രയും കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ച സംഭവം റെക്കോര്‍ഡാണെന്ന് ടെന്നസി യൂണിവേഴ്‌സിറ്റി പ്രെസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 1992ല്‍ ഭ്രൂണരൂപത്തില്‍ എമ്മയെ ശീതീകരിച്ച് സൂക്ഷിക്കുമ്പോള്‍ അവള്‍ക്ക് ജന്മം നല്‍കിയ ടീനയ്ക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.

നവംബര്‍ 25നാണ് ടീനയ്ക്ക് കുഞ്ഞ് പിറന്നത്. ഇത്രയും കാലം ശീതീകരിച്ച് വെച്ചിട്ടും അവള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലെന്നാണ് ടീനയുടെ ഭര്‍ത്താന് ബെഞ്ചമിന്‍ പറഞ്ഞത്. ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍ രീതിയിലാണ് ടീനയുടെ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവെച്ചത്. ഈസ്റ്റ് ടെന്നസിയിലെ നോക്‌സ്‌വില്ലിലുള്ള നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇത്. ഈ വര്‍ഷം ആദ്യമാണ് ഭ്രൂണം മാറ്റിവെക്കല്‍ നടന്നത്.

ഡോക്ടര്‍ ജെഫ്രി കീനാന്‍ ആയിരുന്നു എംബ്രിയോ ട്രാന്‍സ്ഫര്‍ നടത്തിയത്. ഭ്രൂണങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാന്‍ ഒട്ടേറെ ദമ്പതികള്‍ക്ക് ഈ സംഭവം പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഭ്രൂണങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ 700 കുട്ടികളുടെ ജനനത്തിന് എന്‍ഇഡിസി സഹായിച്ചിട്ടുണ്ട്.