വയറുവേദനയെത്തുടര്‍ന്ന് ശുചിമുറിയില്‍ പോയ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ പ്രസവിച്ചതറിയാതെ, യുവതി ക്ലോസറ്റ് ഫ്ലഷ് ചെയ്‍തു പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഷിയോപുരിലെ ബാന്‍ഗ്രോഡ് ഗ്രാമത്തില്‍ നടന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. പപിത ഗുര്‍ജാര്‍ എന്ന 28കാരിയായ യുവതിയാണ് ശുചിമുറിയില്‍ അറിയാതെ പ്രസവിച്ചത്.

കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചു. ഒമ്പത് മാസം ഗര്‍ഭിണിയായതിനാല്‍, പ്രസവത്തിനായി ലേബര്‍ മുറിയിലേക്ക് മാറ്റി. അവിടെവെച്ച് ഡോക്‌ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭപാത്രം ശൂന്യമായിരിക്കുന്നത് കണ്ടു. ഉടന്‍ യുവതിയോട് വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍, ശുചിമുറിയില്‍ പോയ കാര്യം അവര്‍ വ്യക്തമാക്കി. ഉടന്‍ മെഡിക്കല്‍സംഘം ഒരു ആംബുലന്‍സില്‍ യുവതിയുടെ വീട്ടിലെത്തി. അവിടെയെത്തി ക്ലോസറ്റ് പരിശോധിച്ചപ്പോള്‍ കുട്ടിയെ കണ്ടെത്തി. ആംബുലന്‍സ് ഡ്രൈവര്‍ ക്ലോസറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അത്യന്തം അപകടാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ ഡോക്‌ടര്‍മാര്‍ ഏറെ ശ്രമപ്പെട്ടു രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ നിയോനേറ്റല്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പെണ്‍ഭ്രൂണഹത്യയ്‌ക്ക് ഏറെ കുപ്രസിദ്ധമായ മധ്യപ്രദേശില്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതും നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ അസാധാരണമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.