സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ആരുടേയും കണ്ണ് നനയ്ക്കും..അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ഉള്ളുപൊള്ളുന്ന അനുഭവമാണ്

ലോക്ക്ഡൗണ്‍ കോവിഡ് 19 നെ തടയാൻ അനിവാര്യമാണ്. എന്നാൽ അതിന്റെ തിക്തഫലം ഏറെ അനുഭവിച്ചത് അന്യ സംസ്ഥാന തൊഴിലാളികളാണ് … എങ്ങനെയെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങി എത്താനുള്ള തന്ത്രപ്പാടിൽ ഇറങ്ങി പുറപ്പെട്ടവർ പലരും തെരുവില്‍ കിടന്ന് മരിച്ചു. നിരവധി ചിത്രങ്ങളാണ് ഇവരുടെ ഈ ദുരിതത്തിന്‍റെ നേര്‍രൂപങ്ങളായി പുറത്തുവന്നത്. ഇപ്പോഴിതാ ബീഹാറിൽ നിന്ന് ഉള്ളുപൊള്ളുന്ന മറ്റൊരു ദൃശ്യം കൂടി…

സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് ആ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല… ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്.

ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഉള്ളുപൊള്ളിക്കുന്ന ഈ ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നുയുവതി എന്നാണു അവളുടെ കുടുംബം പറയുന്നത് . ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു .

അവര്‍ സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. പക്ഷെ അവന്റെ ‘അമ്മ ഇനി ഒരിക്കലും ഉണരില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും അവനായിട്ടില്ലല്ലോ…പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള ഒരു കുഞ്ഞും മരിച്ചിരുന്നു.

മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണില്‍ ജോലിയും താമസവും നഷ്ടപ്പെട്ട് കഴിക്കാന്‍ ആഹാരമോ വെള്ളമോ ഇല്ലാതെ നിരവധി അതിഥി തൊഴിലാളികളാണ് തെരുവിലായത്. തൊഴിലെടുക്കുന്നിടങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള പാലായനത്തിനിടെ ആണ് പട്ടിണി കിടന്നും അപകടത്തില്‍പ്പെട്ടും ഇവരിൽ കുറെ പേർ മരിച്ചത്

ഈ മാസം ആദ്യം മുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതത് ഇടങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും പലപ്പോഴും സാങ്കേതിക കാരണങ്ങളാൽ എല്ലാവര്ക്കും ട്രെയിനിൽ കയറിപ്പറ്റാൻ കഴിയാറില്ല.. ഇതോടെ ആളുകള്‍ അനധികൃതമായി നാട്ടിലേക്ക് കടക്കാന്‍ കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും ശ്രമിക്കുമ്പോഴാണ് പലർക്കും ജീവഹാനി സംഭവിക്കുന്നത്