ന്യൂപൗണ്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: 4 പേര്‍ക്ക് പരിക്ക്

by News Desk 5 | January 11, 2018 12:12 pm

ലണ്ടന്‍: ന്യൂപൗണ്ട് കോമണില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. അപകടത്തില്‍പ്പെട്ട മസ്ദ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് വയസ്സുകാരന്റെ നില അതീവ ഗുരുതരമാണ്. മരിച്ച കുട്ടിയുടെ സഹോദരനാണ് പരിക്കേറ്റത്. കുട്ടിയെ ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്‌ബോറോ ഗ്രീനിന് അടുത്ത് ന്യൂപൗണ്ടിലാണ് അപകടമുണ്ടായത്. മസ്ദ കാര്‍ ഓടിച്ചിരുന്നയാളുടെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മുന്‍സീറ്റിലിരിക്കുകയായിരുന്ന ഇയാളുടെ ഭാര്യയുടെ കാലിന് സാരമായ പരിക്കുണ്ട്. ഇവരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്‍സ്‌ബോറോ സ്വദേശികളാണ് ഇവര്‍.

മസ്ദയില്‍ ഇടിച്ച വോക്‌സ്‌ഹോള്‍ കോഴ്‌സ കാറിന്റെ ഡ്രൈവര്‍, 36 കാരനായ പുള്‍സ്‌ബോറോ സ്വദേശിക്കും നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വര്‍ത്തിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് മുമ്പ് ഈ കാറുകള്‍ കണ്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Source URL: http://malayalamuk.com/baby_killed_and_four_injured_in_car_crash/