തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാറപകടത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരടങ്ങിയ സംഘമായിരിക്കും തെളിവുകള്‍ ശേഖരിക്കുക. ആരാണ് വാഹനമോടിച്ചിരുന്നത്. ബാലഭാസ്‌കറും, ലക്ഷ്മിയും ഉള്‍പ്പെടെ കാറിന്റെ ഏത് ഭാഗത്താണ് ഇരുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന.

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റൊരാളും ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.

അപകടസമയം ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ മൊഴിയില്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണത്തില്‍ പോലീസിനൊപ്പമുണ്ടാകും. അപകടത്തില്‍ ബാലഭാസ്‌കറും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.