സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

ഇപ്പോൾ താമസിക്കുന്ന റോഡിൽ നിന്നും ഉള്ളിലേക്കുള്ള വീടിന് പകരം മറ്റൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റോഡരികിലെ വീട് വാങ്ങാൻ പണം തടസമായിരുന്നു. ബാലുവിനോട് സംസാരിച്ചപ്പോൾ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്.

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.

ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.