ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ആ വിഡിയോ ദൃശ്യങ്ങൾ കണ്ടത്. പ്രഫഷനൽ ടീമെന്ന ഖ്യാതി നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീമിലെ കളിക്കാരൻ പന്തിൽ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടി രൂപമാറ്റം വരുത്തുന്നു. ഈ കാണുന്നത് യാഥാർഥ്യമാകല്ലേ എന്നായിരുന്നു ഓസ്ട്രേലിയയിലെ ആരാധകരുടെ പ്രാർഥന. പക്ഷെ അത് യാഥാർഥ്യം തന്നെയായിരുന്നു. ആ ചതിയുടെ രംഗങ്ങൾ പുറത്തു കൊണ്ടു വന്ന വ്യക്തിയെക്കൂടി ഈ സാഹചര്യത്തിൽ പരിചയപ്പെടണം.

ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ ചാനലിലെ ലീഡിങ് ക്യാമറാമാൻ സോട്ടാനി ഓസ്കർ ആയിരുന്നു ആ ചുരണ്ടൽ പുറത്തു കൊണ്ടു വന്നത്. ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്നത് കൃത്യമായി ഒപ്പിയെടുത്തതിന്റെ ക്രെഡിറ്റ് സോട്ടാനിയ്ക്കാണ്. കളിക്കാരൻ സാൻഡ് പേപ്പർ പാന്റിനുള്ളിൽ നിന്നും പുറത്തെടുക്കുന്നതും പന്തിൽ ചുരണ്ടുന്നതുമെല്ലാം കിറുകൃത്യം ക്യാമറയിൽ പതിഞ്ഞു.

തന്റെ ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു സോട്ടാനിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ തനിക്കു അനുവാദമില്ല. മൈതാനത്തിനരികെയുള്ള നിരവധി ക്യാമറാമാൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ. എല്ലാവരും അവരവരുടെ തൊഴിൽ ചെയ്യുന്നു അത്രമാത്രം.

എന്തായാലും ഈ ക്യാമറാമാൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹീറോയാണ്. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കയിൽ. പത്രങ്ങളെല്ലാം സോട്ടാനിയ്ക്കയെ വാനോളം പുകഴ്ത്തുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദ്ര സേവാഗാണ് ഈ ക്യാമറാമാന്റെ ചിത്രം പുറത്തു വിട്ടത്.