സോണി ജോസഫ് കല്ലറയ്ക്കല്‍

ബലൂണ്‍ പല തരത്തിലും പല വര്‍ണ്ണങ്ങളിലുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അന്തരീക്ഷത്തില്‍ പാറി കളിക്കുന്ന ബലൂണ്‍. അങ്ങനെയുള്ള ബലൂണ്‍ പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉയര്‍ന്നു പറക്കുന്ന ബലൂണ്‍ പ്രധാനമായും നമുക്ക് നല്‍കുന്ന സന്ദേശം പുറത്തുകാണുന്നതല്ല അകത്ത് കാണുന്നതാണ് എന്നെ ഉയരങ്ങളില്‍ എത്തിക്കുന്നതെന്നാണ്. ശരിയല്ലേ? ബലൂണിന്റെ ആകൃതിയോ പുറമേയുള്ള ഭംഗിയോ ഒന്നുമല്ല ബലൂണിനെ ഉയരങ്ങളിലെത്തിക്കുന്നത്. അതില്‍ നിറഞ്ഞിരിക്കുന്ന വായുവാണ്. ഇതുപോലെയാണ് നമ്മള്‍ മനുഷ്യന്റെ കാര്യവും. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന നന്മകളാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. ഇതിന് സമാനമായ ഒരു കഥ ഞാന്‍ പറയാം. എനിക്ക് പരിചയത്തിലുള്ള ഒരു വനിതയുണ്ട്. നല്ല കഴിവുള്ളയാള്‍. ആരെയും എപ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ഓടി നടക്കും. പക്ഷേ, തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനോ കണ്ടെത്താനോ ആരും ഉണ്ടായിട്ടില്ലെന്ന് മാത്രം. ആയതിനാല്‍ അവര്‍ കൂടുതല്‍ അതിനെപ്പറ്റി ചിന്തിക്കാറുമില്ല. തന്റെ മക്കള്‍ക്ക് വേണ്ടി ജീവിച്ച് പോകുന്നു. ഇവര്‍ക്ക് 3 പെണ്‍കുട്ടികളാണ് ഉള്ളത്. അവരും മിടുക്കര്‍ തന്നെ. ഒരിക്കല്‍ നിനച്ചിരിക്കാതെ ഈ വനിതയുടെ കൈയ്യില്‍ ഒരു മനോഹരമായ ക്രിസ്തീയഗാനങ്ങളുടെ ഒരു വീഡിയോ കിട്ടി.

ആരെയും ആകര്‍ഷിക്കുന്ന മനോഹര ഗാനങ്ങള്‍. ആ ഗാനങ്ങള്‍ ഈ വനിത ആസ്വദിക്കുക മാത്രമല്ല ചെയ്തത്. അതിന് നേതൃത്വം കൊടുത്ത കലാകാരനെ അഭിനന്ദിക്കാനും ഒരു മനസ്സ് അവര്‍ ഉണ്ടാക്കി. അതിന് അവര്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. ആ വീഡിയോയില്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ഈ മെയില്‍ ഐഡി എടുത്തു. ആ ഐഡിയില്‍ പാട്ട് എഴുതിയ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. ഒരു അഭിനന്ദനം തീര്‍ച്ചയായും നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

ഒരു അഭിനന്ദനം ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം. പലപ്പോഴും പലരും കൊടുക്കാന്‍ മടിക്കുന്നതും പലരില്‍ നിന്നും കിട്ടാനും ഇല്ലാത്ത കാര്യം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു അപരിചിത തന്റെ ഗാനങ്ങള്‍ കേട്ട് തന്നെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ ആ മെസേജ് കണ്ടപ്പോള്‍ പാട്ടെഴുതിയ കലാകാരന് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ഒപ്പം എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും. ആരും ഇതുവരെ ചെയ്യാത്ത കാര്യമെന്ന് ആ വ്യക്തി സ്വയം ചിന്തിച്ചു. തന്റെ ഗാനങ്ങള്‍ പലപ്പോഴായി പല തവണ പല രീതിയില്‍ പ്രെമോഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇതുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല. ഒരാള്‍ ചെയ്യുന്ന നന്മകളെ അഭിനന്ദിക്കാന്‍ മെനക്കെടാന്‍ ആര്‍ക്കാണ് സമയം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെസേജ് കിട്ടുന്നത്. അയാള്‍ തിരിച്ച് നമ്മുടെ വനിതയെ ബന്ധപ്പെട്ടു. അഭിനന്ദനത്തിന് നന്ദി അറിയിച്ച് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ മകള്‍ ഒരു പാട്ടെഴുതി വെച്ചിരിക്കുന്ന കാര്യം ഈ വനിത അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആ ഗാനം തന്റെ മെയിലില്‍ അയച്ച് തരാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊച്ച് പെണ്‍കുട്ടിയുടെ പാട്ട് കണ്ട് സന്തോഷവാനായ നമ്മുടെ കലാകാരന്‍ അതിന് വേണ്ട തിരുത്തലുകള്‍ വരുത്തി മ്യൂസിക് ഇട്ട് അത് ഈ വനിതയെ തന്നെ തിരികെ ഏല്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മ്യൂസിക് ചെയ്ത ഗാനശേഖരങ്ങളുടെ ആല്‍ബത്തില്‍ ഏട്ടാം ക്ലാസുകാരിയുടെ ഗാനവും ആ കുട്ടിയുടെ പേരില്‍ തന്നെ ഉള്‍പ്പെടുത്താന്‍ തയാറായി. അപ്പോഴാണ് നമ്മുടെ വനിതാ സുഹൃത്ത് ഒരു അഭിനന്ദനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. തിരിച്ച് ബന്ധപ്പെട്ടയാള്‍ അഭിനന്ദിച്ചയാള്‍ക്ക് കൊടുത്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അമൂല്യനിധിയായിരുന്നു. ആ സ്ത്രീക്ക് ഈ ജന്മത്തില്‍ തന്റെ സേവനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. ഒരു പക്ഷേ, അവര്‍ക്കും ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു അംഗീകാരം കിട്ടുന്നത്.

നന്മകള്‍ നമ്മളില്‍ നിന്ന് പുറപ്പെടുവിക്കുമ്പോള്‍ അറിയാതെ ഫലം വന്നുകൊള്ളും എന്നതിന് തെളിവ്. കാരണം മനുഷ്യനിലെ നന്മകള്‍ ദൈവീകമാണ്. ഇത് എന്റെ ഒരു സന്ദേശം മാത്രം. ഇത് ഏവര്‍ക്കും ഒരു പാഠമാകട്ടെ. നമ്മള്‍ എങ്ങനെ ഒരാള്‍ക്ക് കൊടുക്കുന്നോ അതാവും തിരിച്ച് കിട്ടുക. നന്മകള്‍ കൊടുക്കുക എന്നത് ദൈവീകമാണ്. അതൊന്നും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടവയല്ല. നമ്മുടെ ഉള്ളില്‍ നിന്നും സ്വയം വരേണ്ടതാണ്. അര്‍ഹതയുള്ളവരെ അംഗീകാരിക്കാനും, അഭിനന്ദിക്കാനും, സഹായത്തിന് നന്ദി പറയാനും, വഴിതെളിച്ചവരെ ഓര്‍ക്കാനും, അബലരെയും ആലംബഹീനരെയും സഹായിക്കാനുമുള്ള മനസ്സ് ഉള്ളില്‍ സ്വയം ആര്‍ജ്ജിച്ച് എടുക്കേണ്ടതാണ്. അതാവും നമ്മെ വിജയത്തിലെത്തിക്കുക. അതാണ് ബലൂണുകളും നമ്മളോട് പറയുന്നത്. മറ്റുള്ളവര്‍ക്ക് നന്മകള്‍ കൊടുത്തുകൊണ്ട് നമുക്ക് വളരാം, നേടാം. വിജയിക്കാം. ആശംസകള്‍.