മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാ​ജീ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം ധാ​ര്‍​മി​ക വി​ജ​യ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബാ​ധ​ന ചെ​യ്ത മ​മ​ത പ​റ​ഞ്ഞു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി. സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു. ഭാ​വി പ​രി​പാ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സിറ്റി പൊലീസ് കമ്മീഷറെ കൊല്‍ക്കത്തയില്‍ വച്ച് ചോദ്യം ചെയ്യുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെയുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നത് സിബിഐയുടെ ഷില്ലോംഗ് ഓഫീസില്‍ വച്ചു മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.

സിബിഐ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സിബിഐക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും ഹാജരായി.

കോടതിയില്‍ നടന്ന വാദത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ബംഗാള്‍ സര്‍ക്കാരിന് നേരെ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പ് കൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്‍റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സിബിഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡിജിപിയും എഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ രാജീവ് കുമാറിന് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെന്നും കേസില്‍ രാജീവ് കുമാറിന് നേരിട്ട് പങ്കുണ്ടെന്നും കോടതിയില്‍ സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത ബോധിപ്പിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിചിരുന്നു.