ലണ്ടന്‍: അയല്‍ക്കാരുണ്ടാക്കുന്ന ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് 107,397 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെന്‍സിംഗ്ടണിലെ 1920കളില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ സാര്‍വെനാസ് ഫൗലാദി എന്ന 38കാരിയായ ബാങ്കര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ട് ഉത്തരവിട്ടത്. മുകള്‍ നിലയിലെ താമസക്കാരായ കുടുംബം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ തനിക്ക് ശല്യമായി മാറുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കുട്ടികളുടെ കളി മുതല്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെ തന്റെ സമാധാനം നശിപ്പിക്കുകയാണെന്നും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി.

മുകള്‍ നിലയുടെ തറ തടിയില്‍ തീര്‍ത്തതായതിനാല്‍ ഈ നിലയില്‍ താമസിക്കുന്നവര്‍ എന്ത് ചെയ്താലും അത് താഴെ താമസിക്കുന്നവര്‍ക്ക് ശല്യമായി മാറും. ഫ്‌ളാറ്റിന്റെ തറ ഈ കുടുംബത്തിലെ കുട്ടികള്‍ കളിസ്ഥലമായാണ് ഉപയോഗിക്കുന്നതെന്നാണ് ഫൗലാദി പറയുന്നത്. ശബ്ദശല്യത്തിനെതിരെയാണ് മുകള്‍ നിലയിലെ താമസക്കാരായ സാറ, അഹമ്മദ് എല്‍കെറാമി ദമ്പതികളുടെ കുടുംബത്തിനെതിരെ ഫൗലാദി പരാതി നല്‍കിയത്. ദൈനംദിന പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇവയെന്ന് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് പറഞ്ഞെങ്കിലും എല്‍കെറാമിയും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയും ഈ ശബ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു.

വുഡന്‍ ഫ്‌ളോറില്‍ ശബ്ദം കുറയ്ക്കുന്നതിനായി കാര്‍പ്പറ്റ് ഇടാവുന്നതാണ്. ഫ്‌ളാറ്റിലേക്ക് പുതിയ താമസക്കാര്‍ എത്തുന്നതിന് മുമ്പായി കാര്‍പ്പറ്റുകള്‍ ഇടാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അതിനായി കമ്പനി ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ ഓടി നടക്കുന്നതും ബോയിലറിന്റെയും ഫ്രിഡ്ജിന്റെയും ടാപ്പുകളുടെയും ഫയര്‍പ്ലേസിന്റെ ശബ്ദം പോലും തങ്ങള്‍ക്ക് അരോചകമാകുന്നുവെന്നാണ് ഫൗലാദി പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഫൗലാദി കഴിഞ്ഞ നാല് വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍കെറാമിയുടെ കുടുംബം എത്തുന്നതിനു മുമ്പായി നടത്തിയ ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ഈ ശല്യം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.