വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ കൈവശം വയ്ക്കാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ഏര്‍പ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമ്പോള്‍ അദ്ദേഹം വികാരാധീനനായി. പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പുതിയ നിയന്ത്രണങ്ങള്‍ ചിലപ്പോള്‍ യുക്തിക്ക് നിരക്കുന്നതല്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ ഒരു സംഘത്തിന് വ്യത്യസ്തമായ നിയമങ്ങള്‍ കൊണ്ട് കളിക്കാനുളള അവസരം നമ്മള്‍ സൃഷ്ടിച്ച് നല്‍കി. എല്ലാവരുടെയും തോക്കുകള്‍ തിരിച്ചെടുക്കാനുളള ഉദ്ദേശമല്ല പുതിയ മാര്‍ഗനിര്‍ദേശത്തിനുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
തോക്കുകള്‍ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ തടയാനാണ് രണ്ടാം ഭേദഗതി. വാങ്ങുന്നയാളുടെ പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രം തോക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ മതിയെന്ന പ്രസിഡന്റിനെ നിര്‍ദേശത്തെ അമേരിക്കന്‍ പാര്‍ലമെന്റ് എതിര്‍ക്കുന്നു. എന്നാല്‍ രാജ്യത്തെ 84 ശതമാനം ജനങ്ങളും ഇതിനെ അനുകൂലിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഒബാമ ഈ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം ഒബാമ നടപ്പിലാക്കുന്നത്. രാജ്യം അംഗീകരിച്ചിട്ടുളള ഡീലര്‍മാര്‍ക്ക് മാത്രമേ തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനാകൂ. ഓണ്‍ലൈനിലൂടെയും ഗണ്‍ഷോകളിലൂടെയും വ്യാപാരം നടത്തുന്നവര്‍ക്ക് ലൈസന്‍സ് ഉളള വിതരണക്കാര്‍ വഴിയേ ഇനി മുതല്‍ കച്ചവടം നടത്താനാകൂ.

കണക്ടികട്ടിലെ ന്യൂട്ടനില്‍ 2012ല്‍ ഒരു സ്‌കൂളിലുണ്ടായ കൂട്ടക്കുരുതിയില്‍ 20 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ കാര്യം പരാമര്‍ശിക്കവെ പ്രസിഡന്റ് വിതുമ്പി. ഈ കുട്ടികളേക്കുറിച്ചുള്ള ഓര്‍മകള്‍ തന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു തന്നെയാണ് ചിക്കാഗോയില്‍ ഓരോ ദിവസവും സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോക്ക് ലോബികളുടെ നുണകളെ നേരിടാന്‍ പാര്‍ലമെന്റംഗങ്ങള്‍ കുറച്ച് കൂടി ധൈര്യം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോക്ക് ലോബി ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ അവര്‍ക്ക് അമേരിക്കയെ തോക്കിന്‍ മുനയില്‍ നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കുമെന്നതിലുപരി വിരുദ്ധ ധ്രുവങ്ങളിലൂളള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയാണ് വേണ്ടത്. ഇക്കാര്യം വളരെ അത്യന്താപേക്ഷിതമണെന്ന് തോന്നേണ്ടതുണ്ട്. എതിര്‍പ്പുമായി വിമര്‍ശകര്‍ രംഗത്തെത്തിക്കഴിഞ്ഞു. രണ്ടാം ഭേദഗതി നമുക്ക് കരുത്ത് പകരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഈ അവകാശം സ്ഥാപിച്ച് കിട്ടാന്‍ നാം ഏതറ്റം വരെയും പോകണമെന്നും ബുഷ് പറഞ്ഞു. ഒബാമയുടെ പുത്തന്‍ നടപടി തോക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകില്ലെന്നാണ് എന്‍ആര്‍എ ട്വീറ്റ് ചെയ്തത്.