കാറ്റലോണിയന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസികോ പോരാട്ടം മാറ്റിവെച്ചു. ഒക്‌ടോബര്‍ 26ന് നടക്കേണ്ട മല്‍സരമാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് മാറ്റിയത്. ലാ ലിഗയിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും പരസ്പരം കൊമ്പ് കോര്‍ക്കുന്ന മത്സരം കാണാനുള്ള ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നിലവില്‍ എല്‍ ക്ലാസിക്കോയുടെ വേദിയായി ബാഴ്സലോണയാണുള്ളത്. എന്നാല്‍ ഇവിടെ കാറ്റലോണിയന്‍സിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. 2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് കാറ്റാലന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രക്ഷോഭം രൂക്ഷമായത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ജയിലില്‍ അടക്കാന്‍ വിധിവന്നതോടെ പ്രക്ഷോഭം കൂടുതല്‍ കടുക്കുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി ബാഴ്സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടുകയാണ്. ഈ മാസം 26-ന് പ്രതിഷേധക്കാര്‍ ബാഴ്‌സലോണ നഗരത്തില്‍ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്‍ ക്ലാസിക്കോ നടക്കേണ്ടതും ഈ ദിവസം തന്നെ ആയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. മത്സരം ഡിസംബര്‍ 16 ന് നടത്തുന്നതിന് എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്.

അതേസമയം എല്‍ ക്ലാസിക്കോ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാഴ്സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെ പ്രതികരിച്ചത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ നിന്ന് മത്സരം റയലിന്റെ മൈതാനത്ത് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഫിക്സ്ചര്‍ മാറ്റുന്നത് ക്ലബിനെയും ആരാധകരെയും പരിഹസിക്കലാകുമെന്നാണ് വാല്‍വെര്‍ദെ പറഞ്ഞു.