ഫുട്‌ബോള്‍ കളിയുടെ വലിയ നാടായ ക്ലാസുകളുടെ തന്നെ തറവാട് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ടില്‍ ജന്മമെടുത്ത ബി.ബി.എയ്ക്ക് ഇംഗ്ലീഷുകാരന്‍ തന്നെയായ, പ്രശസ്തമായ പല ക്ലാസുകളിലും പരിശീലകനായി പരിചയ സമ്പത്തുള്ള പീറ്റ് ബെല്ലിനെ പരിശീലകനായി ലഭിച്ചിരിക്കുന്ന സന്തോഷവാര്‍ത്ത ഈ അവസരത്തില്‍ എല്ലാ കായിക പ്രേമികളുമായി പങ്കുവെയ്ക്കുന്നു. പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ നോട്ടിംഗ്ഹാമില്‍ ബി.ബി.എ അതിന്റെ ആദ്യ പരിശീലന ക്യാമ്പ് ഇക്കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം മാറി മാറി വരുന്ന വീക്കെന്‍ഡുകളില്‍ പീറ്റ് ബെല്ലിന്റെ നേതൃത്വത്തില്‍ കോച്ചിംഗ് ക്യാമ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, വെയ്ന്‍ റൂണി എന്നിവരുടെ മാസ്മരിക പ്രകടനങ്ങള്‍ കണ്ട ഇംഗ്ലണ്ടിലെ വലിയ ക്ലബ്ബുകളുടെ നിലവാരത്തിലേക്ക് ബി.ബി.എയും ഭാവിയില്‍ ഉയരും എന്നുള്ള ഒരു വലിയ ശുഭാപ്തി വിശ്വാസം കളിക്കാരും കോച്ചും പ്രകടിപ്പിക്കുകയുണ്ടായി. വരുന്ന വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളുമായി നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളിലേക്ക് ബി.ബി.എയുടെ നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചുണക്കുട്ടികള്‍ വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുന്നു.

ബി.ബി.എയോട് സഹകരണം അറിയിച്ചിട്ടുള്ള പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്‍, ഉസ്മാന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഭാവിയില്‍ ബി.ബി.എ പ്രതീക്ഷിക്കുന്നു. മലയാളികളായി ജനിച്ച് ഇംഗ്ലീഷുകാരുടെ ഇടയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശാരീരികമായ കായിക വ്യായാമം, അതും പുറത്തെ തുറന്ന കളി സ്ഥലങ്ങളിലാണ് ഏറ്റവും അനുയോജ്യം എന്ന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ എല്ലാ അഭ്യുദയകാംക്ഷികളും വിശ്വസിക്കുകയും അതിനായി അനുസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബി.ബി.എയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും സഹായ സഹകരണങ്ങള്‍ നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി അതിന്റെ ഭാരവാഹികള്‍ നന്ദി അറിയുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനും വിജയത്തിനും ഏവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.