രാജ്യം കൊറോണ വ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയില്‍ എത്തി നില്‍ക്കെ സഹായ വാഗ്ദാനം അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. രോഗ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയെ സഹായിക്കാന്‍ വിഖ്യാത ക്രിക്കറ്റ് ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കി മാറ്റാന്‍ തയാറെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ വിട്ടുനല്‍കുമെന്നാണ് ഗാംഗുലി അറിയിച്ചത്.

ഗ്രൗണ്ടിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും, കളിക്കാരുടെ ഡോര്‍മെറ്ററിയും താത്കാലിക ആശുപത്രി ഉണ്ടാക്കാനായി നല്‍കും. എന്താണോ ഈ സമയം ആവശ്യപ്പെടുന്നത് അതെല്ലാം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കാന്‍ നല്‍കുമെന്ന ഗാംഗുലിയുടെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിലും മറ്റും ലഭിക്കുന്നത്. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഗാംഗുലി പിന്തുണക്കുകയും ചെയ്തു. കോവിഡ് 19 വ്യാപിക്കുന്നത് തടയാനുള്ള ഏറ്റവും നല്ല പോംവഴിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞു കിടക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഗാംഗുലി എത്തിയിരുന്നു. എന്റെ നഗരത്തെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ഗാംഗുലി പറയുന്നു.

അതേസമയം നേരത്തെ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ ആദ്യം ഗാംഗുലിയുടെ നേതൃത്വത്തിലെ ബിസിസിഐ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കോവിഡ് രാജ്യത്ത് ശക്തി പ്രാപിച്ചതോടെ ഐപിഎല്‍ മാറ്റിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഏപ്രില്‍ 15ന് ശേഷം ഐപിഎല്‍ സാധ്യമാകുമോ എന്നാണ് ബിസിസിഐ പരിശോധിച്ചത്.