ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12 ശനിയാഴ്ച സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്‌സ്‌മോട്ട് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് അഭിലാഷ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് സെന്റ് ബെനഡിക്ട് മിഷന്‍ സാള്‍ട്‌ലി ചാപ്ലയിനായ റവ.ഫാ.ടെറിന്‍ മുല്ലക്കരയാണ്. സെക്രട്ടറി ബോബന്‍ സിറിയക് സ്വാഗതവും അഭിലാഷ് ജോസ് നന്ദിയും പറഞ്ഞു.

ബിസിഎംസിയുടെ പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ബോബന്‍ സിറിയക്കും വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി. കരോള്‍ സോങ്ങോടു കൂടി തുടങ്ങിയ പരിപാടിയില്‍ സാന്റാക്ലോസ് ആശംസകള്‍ നല്‍കിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ ഓര്‍മ പുതുക്കി. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അതിഥികളായി എത്തിയ മുന്‍ ജോണ്‍ ലൂയിസ് മാനേജിംഗ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയറുമായ ആന്‍ഡി ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ് കൗണ്‍സിലറായ ഡോ.നിതീഷ് റാവത്തും സന്ദേശം നല്‍കി.

ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരവുമായി അഭിലാഷ് ജോസ് പ്രസിഡന്റായുള്ള ബിസിഎംസിയുടെ സ്വന്തം തീം സോങ് കമ്യീണിറ്റിക്കു വേണ്ടി വെല്‍കം ഡാന്‍സായി അവതരിപ്പിച്ചു. ട്രഷറര്‍ ജോയി ജോണ്‍ രചനയും ജോജി കോട്ടയം സംഗീത സംവിധാനവും നിര്‍വഹിച്ചു. പ്രിയ ജോമോന്‍, ശ്രീകാന്ത്, ജോജി കോട്ടയം, ജോമോന്‍ ജോസഫ് എന്നിവരുടെ ആലാപനവും ഒതുതുചേര്‍ന്ന ഈ തീം സോങ്ങിന് ചുക്കാന്‍ പിടിച്ചത് ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജോസഫ് ആണ്. കോറിയോഗ്രാഫി നിര്‍വഹിച്ചത് വൈസ് പ്രസിഡന്റ് ഷിജി ബിജു, യൂത്ത് ആര്‍എസ് റെപ് ആയ അനുപമ സനല്‍, സെറിന്‍ ജോസഫ്, ജോയല്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. ബിസിഎംസിയിലെ തന്നെ എഴുപതില്‍ പരം കലാകാരന്‍മാരും കലാകാരികളും ഒരു വേദിയില്‍ അവതരിപ്പിച്ചതിന് പിന്നില്‍ നിരവധി ആളുകളുടെ കഠിനാധ്വാനവും പരിശീലനവും ഈ തീം സോങ് അവതരണത്തിനു പിന്നിലുണ്ടായിരുന്നു.

നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായിത്തന്നെ മുന്നോട്ടു പോകുന്ന ഈ കമ്യൂണിറ്റിയിലെ കലാകാരന്‍മാരും കലാകാരികളും പ്രായഭേദമെന്യേ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ഏകോപിപ്പിച്ചത് ബിസിഎംസി സെക്രട്ടറി ബോബന്‍ സിറിയക്കും എല്‍ബര്‍ട് ജോയി, അനുപമ സനല്‍, സാജന്‍ കരുണാകരന്‍, ട്രീസ റെജി, സ്മിത സജീഷ് എന്നിവരും ചേര്‍ന്നാണ്. രുചികരമായ ഭക്ഷണവും ഏറെ ആസ്വാദ്യകരമായി.

പുതിയ കമ്മിറ്റിയംഗങ്ങളെ സഹര്‍ഷം തെരഞ്ഞെടുക്കുകയും ചെയ്തു. സോളിഹള്ളിലെ കുളിരുന്ന രാവില്‍ പരിപാടികള്‍ അവസാനിച്ചപ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ മനസുറങ്ങാതെ മലയാളികള്‍ മടങ്ങി.

ബിസിഎംസി തീം സോങ്

തീം സോങ് ഓഡിയോ: Please visit our website : www.bcmc-org.uk