ടിപ്ടനിലെ ആര്‍എസ്എ അക്കാദമിയില്‍ ശനിയാഴ്ച നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികള്‍. കലാമേളയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബിസിഎംസി) ആണ് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായത്. പ്രസിഡന്റ് ജോ ഐപ്പ്, സെക്രട്ടറി സിറോഷ് ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി റെജി വര്‍ഗീസ്‌, ട്രഷറര്‍ ഷിജു ജോസ്, ലീന ശ്രീകുമാര്‍, സില്‍വി ജോണ്‍സണ്‍ തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ മികച്ച പരിശീലനത്തിലൂടെ മാറ്റ് തെളിയിച്ച കരുത്തരായ ടീമുമായി ആയിരുന്നു ബിസിഎംസി കലാമേളയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളായി എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് ഒപ്പം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട ബിസിഎംസി ഇത്തവണ കിരീടം തനിച്ച് സ്വന്തമാക്കും എന്ന ദൃഡനിശ്ചയത്തിലാണ് കലാമേള വേദിയില്‍ എത്തിയത്.

ബിസിഎംസിയിലെ കലാകാരന്മാരും കലാകാരികളും കലാമേളയുടെ വേദികള്‍ നിറഞ്ഞാടിയപ്പോള്‍ ആ പ്രതീക്ഷ തെറ്റിയുമില്ല. മിക്ക മത്സരങ്ങളിലും തന്നെ സമ്മാനിതരായവര്‍ ബിസിഎംസിയുടെ താരങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലം മത്സരങ്ങള്‍ ക്രമാതീതമായി നീണ്ടു പോയപ്പോള്‍ ഫലപ്രഖ്യാപനവും സമ്മാന ദാനവും കുഴഞ്ഞു മറിയുകയായിരുന്നു. ബുക്ക് ചെയ്തിരുന്ന ഹാളില്‍ അനുവദിച്ച സമയം തീര്‍ന്നതിനെ തുടര്‍ന്ന് തിരക്കിട്ടു നടത്തിയ ഫലപ്രഖ്യാപനത്തിലും മറ്റും പിഴവുകള്‍ സംഭവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോയിന്‍റ് നിലയില്‍ രണ്ടാമത് ഉണ്ടായിരുന്ന എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ വിജയികളായും മൂന്നാം സ്ഥാനത്ത് ആയിരുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ രണ്ടാം സ്ഥാനക്കാരായും പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തിഗത ചാമ്പ്യന്മാര്‍, കലാതിലകം, പ്രതിഭ തുടങ്ങിയ സ്ഥാനങ്ങള്‍ പ്രഖ്യപിക്കാനുമായില്ല.

എന്നാല്‍ മികച്ച വിജയ പ്രതീക്ഷയുമായി കലാമേളയ്ക്ക് എത്തിയ ബിസിഎംസി താരങ്ങള്‍ പ്രതിഷേധവുമായി സമീപിച്ചപ്പോള്‍ ആണ് സംഘാടകര്‍ തെറ്റ് മനസ്സിലാക്കിയത്. എന്നാല്‍ അപ്പോഴേക്കും ലഭിച്ച ട്രോഫികളുമായി മറ്റ് അസോസിയേഷനുകള്‍ വേദി വിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് സംഘാടകര്‍ തെറ്റ് തിരുത്തി യഥാര്‍ത്ഥ വിജയികളെ പ്രഖ്യാപിച്ചത്. അപ്പോഴും ഇക്കാര്യം എല്ലാ മാധ്യമങ്ങളെയും അറിയിക്കാതെ ഒതുക്കത്തില്‍ ആണ് അറിയിച്ചത്. കഴിഞ്ഞ നാഷണല്‍ കലാമേളയിലും ബിസിഎംസി സമാനമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു.

വൈകിയാണെങ്കിലും തങ്ങളുടെ അര്‍ഹതയ്ക്ക് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ബിസിഎംസിയിലെ കലാകാരന്മാരും ഭാരവാഹികളും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂളില്‍ നടന്ന വടംവലി മത്സരത്തിലെ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ കലാകായിക രംഗങ്ങളില്‍ യുകെയിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷന്‍ തങ്ങളാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ബിസിഎംസി ഓരോ ദിവസവും മുന്നേറുന്നത്.

കലാമേളയുടെ ദിവസം പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്ന കലാതിലകം, പ്രതിഭ സ്ഥാനങ്ങളും വ്യക്തിഗത ചാമ്പ്യന്‍മാരെയും ഇന്നലെ പ്രഖ്യാപിച്ചു. എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള താരങ്ങളായ ആഞ്ജലീന ആന്‍ സിബി കലാതിലകമായപ്പോള്‍ ആഷ്‌ലി ജേക്കബ് കലാപ്രതിഭയായി. കിഡ്സ് വിഭാഗത്തില്‍ ആതിര രാമന്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ആഷ്നി ഷിജു, ജൂനിയര്‍ വിഭാഗത്തില്‍ ആഞ്ജലീന ആന്‍ സിബി, സീനിയര്‍ വിഭാഗത്തില്‍ ശ്രീകാന്ത് നമ്പൂതിരി എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍ ആയത്.