പ്രായമായ രോഗികള്‍ ആശുപത്രികളില്‍ തുടരുന്നത് സോഷ്യല്‍ കെയറിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ നിന്ന് പറഞ്ഞയക്കാനാകാതെ കഴിയുന്ന രോഗികള്‍ മൂലം എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ജൂലൈയില്‍ മാത്രം 130,000 കെയര്‍ ദിനങ്ങള്‍ക്ക് തുല്യമായ സമയമാണ് നഷ്ടമായത്. കിടത്തി ചികിത്സയിലുള്ള പ്രായമായ രോഗികളെ എന്‍എച്ച്എസിന്റെ മറ്റു ഭാഗങ്ങളിലേക്കോ കൗണ്‍സില്‍ കെയറുകളിലേക്കോ മാറ്റാന്‍ കഴിയാതെ വരുന്നതിനാലാണ് ഈ പ്രതിസന്ധി. ചികിത്സാ കാലയളവ് കഴിഞ്ഞ ശേഷവും ആശുപത്രികളില്‍ പ്രായമായവര്‍ തുടരുന്ന അവസ്ഥയാണ് ഇത്. മരുന്നുകള്‍ പോലും ആവശ്യമില്ലാത്തവര്‍ ഈ വിധത്തില്‍ തുടരുന്നത് മറ്റു രോഗികളുടെ ശസ്ത്രക്രിയകള്‍ പോലും മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ സൃഷ്ടിക്കുന്നു.

മുന്‍ മാസത്തേക്കാള്‍ 4000 അധിക ദിനങ്ങള്‍ക്കു തുല്യമായ സമയമാണ് നഷ്ടമായത്. ബെഡ്‌ബ്ലോക്കിംഗ് കുറയുന്നു എന്നായിരുന്നു അടുത്ത കാലം വരെ എന്‍എച്ച്എസ് അവകാശപ്പെട്ടിരുന്നത്. സമ്മറിലാണ് ഇത്രയും രോഗികള്‍ വാര്‍ഡുകളില്‍ തുടരുന്നതു മൂലമുള്ള പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം പുറത്തു വരുന്നതെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലേബര്‍ പ്രതികരിച്ചു. താരതമ്യേന രോഗികളുടെ തള്ളിക്കയറ്റം കുറവായതിനാല്‍ എന്‍എച്ച്എസിന് സമ്മര്‍ദ്ദം കുറഞ്ഞു നില്‍ക്കുന്ന കാലയളവാണ് ഇത്. കമ്യൂണിറ്റികളില്‍ ആവശ്യത്തിന് സര്‍വീസ് നല്‍കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് കഴിയാനാകാത്ത സാഹചര്യവും ഈ പ്രതിസന്ധി മൂലം സംജാതമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജൂലൈയില്‍ 86,082 കേസുകള്‍ ഡിലേയ്ഡ് ട്രാന്‍സ്ഫര്‍ ഓഫ് കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെഡ്‌ബ്ലോക്കിംഗില്‍ പെട്ടിട്ടുണ്ട്. 42,684 കേസുകള്‍ സോഷ്യല്‍ കെയറിലും കുടുങ്ങി. ആകെ 128,766 പേരാണ് മറ്റു രോഗികള്‍ക്ക് ചികിത്സ വൈകാന്‍ കാരണമായി തുടരുന്നത്. മുന്‍ മാസം ഇത് 124,333 മാത്രമായിരുന്നു. വിന്റര്‍ വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇത് എന്‍എച്ച്എസിനു മേല്‍ സൃഷ്ടിക്കാനിരിക്കുന്ന സമ്മര്‍ദ്ദം കടുത്തതായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.