തന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചകളിലും എല്ലാമായിരുന്ന പ്രിയതമയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞായറാഴ്ച രാവിലെ അയർലണ്ടിലെ ഡ്രോഗഡയിൽ നിര്യാതയായ ബീന എലിസബത്ത് ജോര്‍ജിന്റെ ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോർജ്ജ് പോള്‍. കുട്ടികളെക്കുറിച്ചുള്ള ഒരായിരം വർണ്ണങ്ങൾ കാത്തുസൂക്ഷിച്ച് കുടുംബത്തിലെ കെടാ വിളക്കായി കത്തി നില്‍ക്കുന്ന ഒരു സ്‌നേഹ ദീപത്തിന്റെ ഓര്‍മ്മയിലാണ് ജോർജ്ജ് പോൾ.

ഞായറാഴ്ച്ച രാവിലെ ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിനങ്ങൾ അനുസ്മരിക്കുകയാണ് ജോർജ്. കോവിഡ് 19 എന്ന മഹാമാരി കള്ളനെപ്പോലെ ഒരു കൊച്ചു കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുക ആണ് ചെയ്‌തത്‌. വേണ്ടപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദനയുടെ ആഴം ആർക്കും അളക്കുവാൻ സാധിക്കുന്നതിനും അപ്പുറത്താണ് എന്ന യാഥാർത്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.

ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി പിടിപെട്ടത്. പനിയെ തുടര്‍ന്ന് ബീന ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ആയി. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.ആ ദിവസങ്ങള്‍ അവിസ്‌മരണീയ നിമിഷങ്ങൾ ആണ് എനിക്ക് നൽകിയത്. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന വളരെ സെലക്ടീവ് ആയിരുന്നു. ഐറിഷ് ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്.

ആശുപത്രി ബെഡിന് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദന എല്ലാം  ഞാന്‍ മറന്നു പോയി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്നു  ജോര്‍ജ്ജ്.

എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മറ്റാരേക്കാളും വ്യക്തമായി അറിഞ്ഞിരുന്ന ബീന, ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്.. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബീനക്ക് വീണ്ടും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്. ഐസലേഷന്‍ റൂമിലാണെണെങ്കിലും, അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്‌ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്ന ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്ന് സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകിയതിനാൽ രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.

പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. രാത്രിയില്‍ തന്നെ പക്ഷെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല എന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നു. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും, തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന യാഥാർത്യം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്നത് എന്റെ ചിന്തകൾക്ക് അപ്പുറമായിരുന്നു

ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍, പക്ഷെ എനിക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നി. ബീന അപകടനിലയിൽ എത്തി എന്ന് തന്നെയാണ് ആശുപത്രി സ്റ്റാഫിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. രാവിലെ ആറരയോടെയാണ് ഒരിക്കിലും കേൾക്കാൻ ആഗ്രഹിക്കാത്തതും ഉൾക്കൊള്ളുവാൻ വളരെബുദ്ധിമുട്ടുള്ളതുമായ മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും, ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും മക്കളായ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോസ്മിയും, ആന്‍മിയും. റോസ്മി ബള്‍ഗേറിയയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി, ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.

പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി ചിന്നമ്മ ദമ്പതികളുടെ മകളാണ്. ടിറ്റി, ഷിബു , മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സമയം തീരുമാനമായിട്ടില്ല.

നാവനിലായിരുന്നു ബീന ആദ്യം ജോലി ചെയ്തത്. പിന്നീട് കെല്‍സിലെ നഴ്‌സിംഗ് ഹോമിലേക്ക് ജോലി മാറിയ ബീന കഴിഞ്ഞ 10 വര്‍ഷങ്ങളായി ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. 58 വയസായിരുന്നു. അയര്‍ലണ്ടില്‍ എത്തുന്നതിന് മുന്പ് കേരളാ സര്‍ക്കാരിന്റെ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്‌സായിരുന്നു ബീന ജോര്‍ജ്.