ടോം ജോസ് തടിയംപാട്

ന്യൂകാസിലിലെ വേയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദന അദ്ദേഹത്തെ വേദനിപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമമാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റീവന്‍സണ്‍ എന്ന മഹാനായ മനുഷ്യനു കഴിഞ്ഞത്. ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ N H S എന്ന ബൃഹദ് പ്രസ്ഥാനം നടപ്പിലാക്കിയത് സൗത്ത് വെയില്‍സിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ മറ്റൊരു ചെറുപ്പക്കാരനായ Aneurin Bevan ആയിരുന്നു. അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതൊഴിലാളികളും ആയിരുന്നു.

എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തനിക്ക് പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ എന്ന ഇംഗ്ലീഷ് കാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന ക്യാഷ് മെഷീന്റെ കണ്ടെത്തലിലാണ്. 1967ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപ്പോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. അവിടെ നിന്നും ഒരിക്കലും അടക്കാത്ത ബാങ്കിനെപ്പറ്റിയുള്ള ചിന്തയാണ് ഇ ന്നുലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ ക്യാഷ് മെഷീനുകളുടെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത്. ആദ്യമായി അദ്ദേഹം സ്ഥാപിച്ച മെഷീനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് ക്യാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി.

6 അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പറാണ് പിന്‍ നമ്പരായി അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യ കാരോളിനുമായി തീന്‍മേശയില്‍ സംസാരിച്ചിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന്. അതില്‍നിന്നും മനുഷ്യനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള 4 ഡിജിറ്റ് പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.

പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്ന ചോക്കളേറ്റ് ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ ക്യാഷ് മെഷീന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. തന്റെ ആശയം ബാര്‍ക്ലേയ്‌സ് ബാങ്ക് മാനേജരുമായി സംസാരിക്കുകയും അദ്ദേഹം ക്യാഷ് മെഷീന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് എന്ന സ്ഥലത്ത് ലോകത്തെ ആദ്യത്തെ ക്യാഷ് മെഷീന്‍ 1967 ജൂണ്‍ 27 നു സ്ഥാപിച്ചു. അന്നു സ്ഥാപിച്ച ക്യാഷ് മെഷീന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മെഷീനാണു ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്

University of Edinburgh and Trinity College, Cambridge, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം അനുഷ്ഠച്ചിട്ടുണ്ട്. 2007ല്‍ ക്യാഷ് മെഷീന്‍ സ്ഥാപിച്ചതിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മെഷീനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ച് പത്തു വര്‍ഷത്തിനകം ക്യാഷ് തന്നെ ഇല്ലാതെയാകും. ആ വാക്കുകള്‍ ഇന്നു ഏകദേശം പൂര്‍ത്തികരിച്ചുകഴിഞ്ഞു.

ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നു ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15ന് 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.