ഇന്നത്തെ കാലത്ത് നടൻ വിജയ് ആകുന്നതിനെക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആർ മീര. പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ എന്തെങ്കിലും പറയുന്ന എഴുത്തുകാരികൾ എന്തെങ്കിലും പ്രതികരിച്ചാൽ മറ്റൊരു വിഷയം വരുമ്പോൾ അവരെന്തെങ്കിലും ‘മൊഴിഞ്ഞോ’ എന്നാണ് ചോദ്യമെന്നും അങ്ങനെ മൊഴിഞ്ഞാൽ എന്തു സംഭവിക്കും എന്നതിന്റെ മാതൃകയാണ് വിജയ് എന്നും കെ.ആർ മീര പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീര.

“ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി. ഞങ്ങൾ​ തമ്മിൽ ഫെയ്സ്ബുക്കിൽ ഒരു വെർബൽ യുദ്ധമുണ്ടായി. ഈ മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ പരിഹാസവും പുച്ഛവുമുണ്ട്. ആ ചോദ്യം എന്നെപ്പോലൊരു സ്ത്രീയോട്, ഒരു എഴുത്തുകാരിയോട് മാത്രമേ ചോദിക്കൂ. പുരുഷന്മാരോട് ചോദിക്കില്ല. ശബരിമല സ്ത്രീപ്രവേശന വിധിയിൽ നമ്മുടെ ആണെഴുത്തുകാർ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിൽ ഇവിടുത്തെ ആണെഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. കാരണം ഒന്നും അവർ മൊഴിഞ്ഞിട്ടില്ല. വളരെ മുതിർന്ന എഴുത്തുകാർ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാൻ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവർ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണ്.”

“തമിഴ് സിനിമാ താരം വിജയ്‌യുടെ മാതൃക നമുക്ക് മുന്നിൽ ഉണ്ട്. നടൻ വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ് എന്ന് ഞാൻ ഇന്നത്തെ സംവാദത്തിൽ ഓർമിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോൾ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ മൊഴിയുമ്പോൾ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും. നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങൾ വേദനിക്കും എന്ന് വിചാരിച്ച് അവർ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകൾ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള​ ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാൻ പറ്റുകയുള്ളൂ,” കെ.ആർ മീര പറഞ്ഞു.