കലിനിന്‍ഗ്രാഡ്‌: ലോകം കാത്തിരുന്ന പോരാട്ടം ആവേശത്തിരമാലയുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ച്‌ ബെല്‍ജിയം ഗ്രൂപ്പ്‌ ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.

തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ടും അവസാന 16-ല്‍ ഇടം നേടി. ഇന്നലെ കലിനിന്‍ഗ്രാഡ്‌ സ്‌റ്റേഡിയത്തില നടന്ന മത്സരത്തില്‍ വിരസമായ ആദ്യപകുതിക്കു ശേഷം 51-ാം മിനിറ്റില്‍ അഡ്‌നാന്‍ യാനുസായാണ്‌ ബെല്‍ജിയത്തിന്റെ ജയം നിര്‍ണയിച്ച ഗോള്‍ നേടിയത്‌.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരകളുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാണ്‌ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍ റിസ്‌ക് എടുക്കാതെ ഇരുടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിച്ചതോടെ കളി വിരസമായി.

ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം യാനുസായിലൂടെ ബെല്‍ജിയം സമനിലക്കുരുക്കഴിച്ചു. അവസാന മിനിറ്റുകളില്‍ സമനിലയ്‌ക്കായി ഇംഗ്ലണ്ട്‌ കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയം പ്രതിരോധം വഴങ്ങിയില്ല.
ഗ്രൂപ്പിലെ മറ്റൊരു അപ്രധാന മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച്‌ ടുണീഷ്യ ലോകകപ്പ്‌ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചു.