തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ് ക്യൂ പണിമുടക്കിയതോടെ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസിനും പ്രതികരണമില്ല. സാങ്കേതികപ്രശ്നങ്ങൾ ഉടന്‍ ശരിയാക്കുമെന്ന് ആദ്യദിവസം പ്രതികരിച്ച ഫെയർകോഡ് അധികൃതർ തകരാർ ഇന്നും തുടർന്നതോടെ വിശദീകരണത്തിന് പോലും തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.

നിലവിൽ ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെ ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫീസിലെ ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും കമ്പനി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത്.

ബെവ് ക്യൂ ആപിന്റെ സേവനം മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് എക്സൈസ് മന്ത്രി വിളിച്ചയോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം. യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആപ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.