ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.