ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ഡ്രൈവറായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വാഹനമോടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് ലക്ഷ്മി അപകടത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്കര്‍ പിന്നിലെ സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

പ്രോഗ്രാമുകള്‍ക്ക് ശേഷം രാത്രി നടത്തുന്ന യാത്രകളിലെല്ലാം ഡ്രൈവറാണ് വാഹനം ഓടിക്കാറ്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് ലക്ഷ്മിയുടെ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു അര്‍ജുന്‍ ആശുപത്രിയില്‍ വച്ച് പൊലീസിന് നല്‍കിയ മൊഴി. ലക്ഷ്മി കുഞ്ഞുമായി മുന്‍സീറ്റിലായിരുന്നു എന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നു.

ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ ഇക്കാര്യം കൂടുതല്‍ വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം റോഡരുകില്‍ നിന്നിരുന്ന മരത്തിലിടിച്ച് അപകടമുണ്ടായത്.

ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.