ചുനക്കര: ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് രാജു മോളേത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികള്‍ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചാരുംമൂടിന്റെ അക്ഷരനായകന്‍ കാരൂര്‍സോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്‌കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ ഡയറക്ടറുമായ ഡോ: എം.ആര്‍. തമ്പാന്‍ സമ്മാനിച്ചു.

കാരൂര്‍ സോമന്റെ കാമനയുടെ സ്ത്രീപര്‍വ്വം (ചരിത്രകഥകള്‍) കടലിനക്കരെയിക്കരെ (യാത്രാവിവരണം), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), ഇന്നലെ-ഇന്ന്-നാളെ (സിനിമ ചരിത്രം) ഡോ: എം.ആര്‍. തമ്പാന്‍ – ഫ്രാന്‍സിസ് ടി.മാവേലിക്കര, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ജോര്‍ജ് തഴക്കര, ശ്രീമതി എന്‍. ആര്‍.കൃഷ്ണകുമാരി എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ വള്ളികുന്നം രാജേന്ദ്രന്‍ സദസ്സിന് പരിചയപ്പെടുത്തി. ഇലിപ്പക്കുളം രവീന്ദ്രന്‍, ജി. സാം, ഹബീബ് പാറയില്‍ ആശംസകള്‍ അര്‍പ്പിച്ചു. വളരുന്ന തലമുറ ചാനല്‍ സംസ്‌കാരത്തിനടിമകളാകാതെ വായനയില്‍ ശ്രദ്ധിക്കണമെന്നും മറിച്ചായാല്‍ അത് ആപത്തിലേക്കുള്ള യാത്രയെന്നും ആശംസപ്രസംഗകര്‍ മുന്നറിയിപ്പു നല്കി. ഇന്‍ഡ്യയില്‍ ജനാധിപത്യത്തിന് പകരം ഏകാധിപതികള്‍ വാഴുകയാണെന്നും പാവങ്ങളുടെ മോചനത്തിനായി ഒരു രക്തരഹിത വിപ്ലത്തിന് ജനങ്ങള്‍ തയ്യാറാകണമെന്നും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കാരൂര്‍ സോമന്‍ അറിയിച്ചു. ജഗദീഷ് കരിമുളയ്ക്കല്‍ കവിതാപാരായണവും ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടുക്കലില്‍ സ്വാഗതവും ശ്രീമതി സലീനസലീം നന്ദിയും പ്രകാശിപ്പിച്ചു.