1200ലേറെ മത്സരാര്‍ത്ഥികള്‍; 9 വേദികള്‍; ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി 5 നാള്‍ മാത്രം

1200ലേറെ മത്സരാര്‍ത്ഥികള്‍; 9 വേദികള്‍; ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി 5 നാള്‍ മാത്രം
November 06 04:37 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യം അരുളുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ചുവടും താളവും ഒരുവട്ടം കൂടി ഉറപ്പിച്ച് മത്സരാര്‍ത്ഥികള്‍ ഒരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവസാനവട്ട അവലോകനം നടത്തി കലോത്സവം കോര്‍ കമ്മിറ്റി. യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന ഖ്യാതിയുമായി ബൈബിള്‍ കലോത്സവ വേദിയില്‍ പോരാട്ടത്തിന്റെ തീപാറുമ്പോള്‍ സജ്ജീകരണങ്ങള്‍ക്ക് ഒരു കുറവും വരരുതെന്ന നിര്‍ബന്ധത്തിലാണ് സംഘാകര്‍ അവസാനവട്ട മിനുക്കുപണികള്‍ പോലും ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ പത്തിന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍ വേദിയാക്കിയാണ് ബൈബിള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുന്നത്.

ഒമ്പത് വേദികളിലായി 1200ലേറെ മത്സരാര്‍ത്ഥികളാണ് ഇക്കുറി കലാപോരാട്ടത്തില്‍ ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ മത്സരത്തില്‍ വീറും വാശിയും പ്രകടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വേദിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ റീജിയണുകളില്‍ നിന്നുമുള്ള ടീമുകള്‍.

ഇത്രയേറെ മത്സരാര്‍ത്ഥികളെ ഒരുമിച്ച് വേദികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തിന്റെ വിജയം വിളംബരം ചെയ്യുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് കലാപ്രകടനത്തിനായി ഒരുക്കുന്നത്. യുകെയിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇരുനൂറ് പേരുടെ മത്സരം തന്നെ നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് 1200ലധികം മത്സരാര്‍ത്ഥികളെത്തുന്നത്.

നവംബര്‍ 10ന് രാവിലെ 9 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്യത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് ആരംഭം കുറിയ്ക്കുക. തുടര്‍ന്ന് 9 സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരം ആറരയോടെ സമ്മാനദാനം നിര്‍വ്വഹിച്ച് രാത്രി ഒന്‍പതരയോടെ കലാത്സവത്തിന് തിരശ്ശീല വീഴും. മത്സരങ്ങള്‍ കഴിഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെയും മറ്റും ഫലങ്ങള്‍ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തുകയാണ്.

കലോത്സവം മികച്ച രീതിയില്‍ നടത്താന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കാര്‍ക്കെങ്കിലും ഇനിയും താമസ സൗകര്യം ആവശ്യമാണെങ്കില്‍ കലോത്സവ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫാ. പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles