മലയാളം യുകെ ന്യൂസ് ടീം

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. രൂപതയുടെ നാനാഭാഗങ്ങളിൽ നിന്നുമായി മത്സരാർത്ഥികളടക്കം അയ്യായിരത്തോളമാളുകൾ കലോത്സവ നഗരിയിലെത്തിയിട്ടുണ്ട്. പതിനൊന്ന് സ്റ്റേജുകളിലായി മത്സരം നടക്കുന്ന കാഴ്ചയാണിപ്പോൾ. മുൻകൂട്ടി നിശ്ചയിച്ചതു പോലെതന്നെ കൃത്യമായ സമയനിഷ്ട പാലിച്ചാണ് എല്ലാ സ്റ്റേജിലും മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ ജനപങ്കാളിത്തമാണ് ഇത്തവണയുള്ളത്. മത്സരങ്ങൾ കഴിഞ്ഞയുടനെ തന്നെ മത്സരത്തിന്റെ ഫലങ്ങൾ പുറത്ത് വരുന്നത് കലോത്സവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

കൃത്യമായ സംഘാടന മികവ് മത്സരത്തെ കൂടുതൽ മനോഹരമാക്കി തീർക്കുന്നു എന്നത് ദൃശ്യമാണ്. രൂപതാധ്യക്ഷൻ അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം കലോത്സവത്തിലുടനീളമുണ്ട്. കൂടാതെ വികാരി ജനറാളന്മാർ, വൈദീകർ, സിസ്റ്റെഴ്സ് , അൽമായ പ്രതിനിധികൾ എന്നിവരെക്കൂടാതെ ആതിധേയത്വം വഹിക്കുന്ന ലിവർപൂളിൽ നിന്നും വികാരി ജനറാൾ ഫാ. ജിനോ അരീക്കാടിന്റെ നേതൃത്വത്തിലുള്ള നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മാരും കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
കലോത്സവത്തിന്റെ കൂടുതൽ വിശേഷങ്ങൾ മലയാളം യുകെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.