സി.ഗ്രേസ് മേരി ബിഡിഎസ്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വച്ച നടക്കും. എട്ട് റീജിയണുകളായി തിരിച്ചിട്ടുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഓരോ റീജിയനിലും നടന്ന ബൈബിള്‍ കലോത്സവങ്ങളില്‍ വിജയികളായിട്ടുള്ളവരാണ് ഈ മത്സരങ്ങളില്‍ പങ്കെടുക്കുക. ഓരോ മത്സരാര്‍ത്ഥിയും രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഒക്ടോബര്‍ 22ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോമും മറ്റുവിവരങ്ങളും www.smegbiblekalolsavam.com ല്‍ ലഭ്യമാണ്.

നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ”സുവിശേഷകന്റെ വേല” (2 Tim 4: 5) തുടരുന്നതിന്റെ ഭാഗമായി ഈ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തെ കണ്ടുകൊണ്ടുള്ള അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യം ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഈ കലോത്സവത്തിന്റെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത്. ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ 11 സ്റ്റേജുകളായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫുഡ് കമ്മിറ്റി പ്രഭാതഭക്ഷണം മുതല്‍ വൈകിട്ടത്തെ ഭക്ഷണം വരെ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പില്‍ ആണ്. താമസ സൗകര്യം ആവശ്യമുള്ളവര്‍ സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടേണ്ടതാണ്.

പല റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവര്‍ വേദിയിലെത്തി മാറ്റുരയ്ക്കുന്ന ഈ വലിയ ദൃശ്യവിരുന്നിന് വളരെയധികം അഭിമാനത്തോടെയാണ് ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹം ആതിഥേയത്വം നല്‍കുന്നത്. ആവേശത്തിന് അതിരുകളില്ലാത്ത ഈ കലോത്സവത്തിന്റെ തല്‍സമയ പ്രക്ഷേപണം ഗര്‍ഷോം ടിവി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍ സിജി സെബാസ്റ്റിയനുമായി (07734303945) ബന്ധപ്പെടുക.