മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.

മുഷ്‌റിഫ്‌ നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.

ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.

കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍