ഷിബു മാത്യു , മലയാളം യുകെ  ന്യൂസ് ബ്യൂറോ

തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ..
ഹലോ… ഇത് BT യിൽ നിന്നാണ് വിളിക്കുന്നത്. (ബ്രട്ടീഷ് ടെലികമ്മ്യൂണിക്കേഷൻ) ആരോ നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ് വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് അതിവേഗം ശരിയാക്കണം. അതിനാണ് ഞങ്ങൾ വിളിക്കുന്നത്. BTക്ക് ആധികാരികതയുള്ളതുകൊണ്ട് ആ പേരിൽ വരുന്ന കോളുകൾ എടുക്കുന്നവർ ആരായാലും വ്യക്തമായ പരിഗണന BTക്ക് കൊടുക്കാറുണ്ട്. പക്ഷേ, കോളുകൾ ഇംഗ്ലീഷിലാണെങ്കിലും വിളിക്കുന്ന ഭാഷ മലയാളം കലർന്നതാണ് എന്നതാണ് ശ്രദ്ധേയം.

അടുത്ത ഇടെയായി യുകെയിൽ BT യുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായതിൽ കൂടുതലും യുകെ മലയാളികൾ. യുകെയിൽ പലയിടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പൗണ്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട സംഭവങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്.

സംഭവം ഇങ്ങനെ. യുകെ മലയാളികളുടെ പേരിലുള്ള BT ലാന്റ് ലൈൻ ഫോണുകളിലേയ്ക്കാണ് കോളുകൾ വരുന്നത്. ഫോൺ എടുക്കുന്നയാൾ ഹലോ പറഞ്ഞാൽ പിന്നീടുള്ള സംസാരം ഇങ്ങനെ. (ഇംഗ്ലീഷിലാണ്) “ഞങ്ങൾ വിളിക്കുന്നത് ബ്രട്ടീഷ് ടെലികമ്മ്യുണിക്കേഷണിൽ നിന്നാണ്. നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ്‌വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് ഉടനേ പരിഹരിക്കേണ്ടതുണ്ട്. അത് പരിഹരിക്കാൻ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ എത്രയും പെട്ടന്ന് ഓൺ ചെയ്യുക”. ഇനി, BT അല്ല ഞങ്ങളുടെ കണക്ഷൻ എന്നു പറഞ്ഞാൽ ആദ്യമേ അവർ പറയും BT യാണ് നിങ്ങളുടെ പ്രാവൈഡർ എന്ന്. ഇത് വിശ്വസിക്കുന്ന മലയാളികൾ അവർ പറയുന്നതെന്തും ചെയ്യും.

കമ്പ്യൂട്ടർ ഓൺ ചെയ്തു കഴിഞ്ഞാൽ അവർ ആദ്യം പറയുക നിങ്ങൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗിന്റെ പാസ് വേഡ് ഉടനേ മാറ്റണം. ഇല്ലെങ്കിൽ നിങ്ങൾ അപകടത്തിലാകും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഹൈജാക് ചെയ്തവർ നിങ്ങളുടെ പണം അപഹരിക്കും. ഇതിനോടകം ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള എല്ലാ ഡേറ്റകളും അവർ സ്വന്തമാക്കിയിരിക്കും. ഇവരുടെ വർത്തമാനങ്ങൾ കേട്ട് ഭീതിയിലാകുന്നവർ തങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിന്റെ പാസ് വേഡും പിൻനമ്പറും ഉടനേ തന്നെ ചെയ്ഞ്ച് ചെയ്യും. ഇത് BT യുടെ പേരും പറഞ്ഞ് വിളിക്കുന്നവർ തത്സമയം സ്വന്തമാക്കി എന്നത് മലയാളികൾ അറിയാതെ പോകുന്നു. ഇത്രയും ആയിക്കഴിഞ്ഞാൽ തങ്ങളുടെ അക്കൗണ്ടിലുള്ള പണം അപ്പോഴേ തന്നെ ഇക്കൂട്ടർ എത്തിക്കേണ്ടിടത്തേയ്ക്ക് എത്തിച്ചിരിക്കും. ആർക്കും കണ്ടു പിടിക്കാൻ യാതൊരു തെളിവു പോലും ബാക്കിയുണ്ടാകില്ല. തുടർന്ന് സംഭവിക്കുന്നത് എന്ത്???

ഇവർ തങ്ങളുടെ സാങ്കേതീക വിദ്യയുപയോഗിച്ച് കമ്പ്യൂട്ടർ സ്റ്റാക്കാകും. റിപ്പയർ ചെയ്യാൻ സാധിക്കില്ല. ഇനി റിപ്പയർ ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ, എല്ലാം ഡേറ്റയും ഡിലീറ്റായ പുതിയ ഒരു കംമ്പ്യൂട്ടറാണ് റിപ്പയർ കഴിഞ്ഞ് എത്താറുള്ളത്.

യുകെയിലെ എല്ലാ ബാങ്കുകളും കാലാകാലങ്ങളിൽ പാസ്‌വേഡ് സംബന്ധമായ മുൻകരുതലുകൾ തരുമ്പോൾ അത് പാലിക്കാതെ പോകുന്ന ഒരു വലിയ മലയാളി സമൂഹം യുകെയിലുണ്ടെന്ന് മലയാളം യുകെയുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.

ഇത് ഞങ്ങൾ മലയാളം യുകെയ്ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥനത്തിലുള്ള വാർത്തയാണ്. വ്യക്തിപരമായ അഭിമാനപ്രശ്നങ്ങൾ യുകെ മലയാളികൾക്കിടയിലുള്ളതുകൊണ്ട് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളുടെ പൂർണ്ണ രൂപം തല്കാലം പ്രസിദ്ധീകരിക്കുന്നില്ല. മലയാളികൾ ജാഗരൂകരാകുക. മലയാളം യുകെ അന്വേഷണം തുടരും..