പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്‌ ‌എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുൻസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.  അതേസമയം ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.

എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ DNA പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയിൽ എടുക്കേണ്ടതിനാൽ മുൻ‌കൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. അതേസമയം, പ്രാഥമിക അന്വേഷണത്തിനായി കേരളത്തിൽ എത്തിയ പൊലീസ് സംഘം മുംബൈയിൽ തിരിച്ചെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇവർ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും.