ജോർജ്ജ് മാത്യു

ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ബര്‍മിങ്ഹാം സിറ്റിയോട് ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷീല്‍ഡണില്‍ മുക്കാലേക്കറോളം വരുന്ന സ്ഥലത്താണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി ഒരു ആരാധനാ സ്ഥലം ലഭിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് 8000ല്‍ പരം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.ആരാധനാലയത്തിന് പുറമെ ഓഡിറ്റോറിയം സണ്‍ഡേ സ്‌കൂള്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ ദേവാലയത്തില്‍ ഉണ്ട്. ആറു കോടി രൂപയോളം ചിലവായ ഈ ദേവാലയം നാല്‍പ്പതോളം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോട് കൂടി സമചതുരാകൃതിയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്.

2002ല്‍ ബര്‍മിങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2007ല്‍ അന്നത്തെ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ട പുത്തന്‍ ഉണര്‍വും ദിശാബോധവും കാട്ടിത്തരുകയും ചെയ്തു. തിരുമേനിയുടെ സമയോജിതമായ ഇടപെടലും ഉപദേശവും ഈ ദേവാലയത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ നിര്‍ണായകവും, പ്രശംസനീയവുമാണ്. തിരുമേനി ഭരണസാരഥ്യം ഏറ്റെടുത്ത ശേഷം യുകെയില്‍ വാങ്ങുന്ന ഒന്‍പതാമത്തെ ദേവാലയമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സജീവമായ പ്രവര്‍ത്തനവും ഇടപെടലും ഈ ദേവാലയത്തിന് മുതല്‍ക്കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള അച്ചന്റെ പ്രവര്‍ത്തനമാണ്. ലക്ഷ്യപ്രാപ്തിക്ക് കാരണമായത്.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസിന്റെയും സെക്രട്ടറി ജെയ്‌സണ്‍ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി മുന്നില്‍ നില്‍ക്കുന്നു.ഈ ദേവാലത്തിന്റെ രജിസ്‌ട്രേഷനും നിയമപരമായ നടപടികള്‍ക്കും മേല്‍നോട്ടം വഹിച്ചത് ഫ്രാന്‍സിസ് മാത്യു ആണ്. സ്റ്റെഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു.