ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജലന്ധറിൽ ഉജ്വല സ്വീകരണം; സിന്ദാബാദ്’ വിളികളുമായി വിശ്വാസികൾ, കേസ് ജയിക്കാൻ ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനം…

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജലന്ധറിൽ ഉജ്വല സ്വീകരണം;  സിന്ദാബാദ്’ വിളികളുമായി വിശ്വാസികൾ, കേസ് ജയിക്കാൻ ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനം…
October 19 11:04 2018 Print This Article

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തിയപ്പോൾ അദ്ദേഹത്തിന് നല്‍കിയ സ്വീകരണം വിസ്മയകരമായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയ്ക്ക് ബിഷപ്പ് ഫ്രാങ്കോയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ബിഷപ്പ് ഹൗസിലേക്ക് ആനയിച്ചു കൊണ്ടു വന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളും വഹിച്ചാണ് ഘോഷയാത്രയില്‍ വിശ്വാസികള്‍ അണിനിരന്നത്. ഫ്രാങ്കോയ്ക്ക് പൂക്കള്‍ സമ്മാനിക്കാന്‍ കന്യാസ്ത്രീകളും അത്മായരും തിരക്കു കൂട്ടുകയായിരുന്നു.

വൈദികരുടെയും സുരക്ഷാ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ‘ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ്’ വിളികളോടെയാണ് പള്ളിയില്‍ പ്രവേശിച്ചത്. ഉടന്‍തന്നെ കുര്‍ബാന ആരംഭിച്ചു. ഇരുപതോളം വൈദികര്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതമായിരുന്നു. അതുകൊണ്ട് തനിക്ക് ആരോടും പരാതിയില്ല, പിണക്കമില്ല. ജയിലില്‍ എല്ലാവരും മാന്യമായി പെരുമാറി. അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇവിടെ വന്ന ശേഷം ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.

കേസിന്റെ ആദ്യഭാഗം മാത്രമാണ് കഴിഞ്ഞത്. രണ്ടാംഘട്ടം കിടക്കുന്നതേയുള്ളു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കേസിന്റെ വിജയത്തിനായി തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന നടത്തണം. ദിവസവും മൂന്നു പേര്‍ വീതം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അത് ജപമാലയോ കുരിശിന്റെ വഴിയോ ആകാം. ഇപ്രകാരം കേസ് കഴിയുന്നവരെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെട്ടു. തന്റെ ജയില്‍ ജീവിതത്തോട് ഐക്യപ്പെട്ട് തറയില്‍ കിടന്നുറങ്ങാന്‍ തയ്യാറായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles