ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബോസ്റ്റണ്‍: സ്‌നേഹത്തിന്റെ മന്ദസ്മിതവുമായി തങ്ങളെ കാണാനെത്തിയ വലിയ ഇടയനെ സ്പാള്‍ഡിങ്ങിലെയും ബോസ്റ്റണിലെയും വിശ്വാസികള്‍ ആദരവോടെ വരവേറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മെത്രാനടുത്ത ഇടയ സന്ദര്‍ശനത്തിനെത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ഭവനങ്ങളും വെഞ്ചരിച്ച് പ്രാര്‍ത്ഥിക്കുകയും വിശ്വാസികളെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ മെത്രാനെ അനുഗമിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ബോസ്റ്റണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികരായിരുന്നു. കിഴക്കരക്കാട്ട് രാജു – ഷൈനി ദമ്പതികളുടെ മക്കള്‍ ജറോം, ഹന്ന എന്നിവര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ആദ്യ കുര്‍ബാനയും സൈ്വര്യലേപനവും സ്വീകരിച്ചു. ഈശോ അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കിയപ്പോള്‍ അത് അപ്പക്കഷണം മാത്രമായാണ് യൂദാസ് കരുതിയെന്നും അതിലെ ദൈവവത്തിന്റെ സാന്നിധ്യം മനസിലാക്കാന്‍ കഴിയാതെ പോയത് അവനെ വലിയ തെറ്റിലേക്ക് നയിച്ചെന്നും വചന സന്ദേശത്തില്‍ കുര്‍ബാനയുടെ അര്‍ത്ഥം വിശദീകരിച്ച് പിതാവ് പഠിപ്പിച്ചു. തുടര്‍ന്ന് എല്ലാവരും പാരിഷ് ഹാരിഷ് ഒത്തുചേര്‍ന്ന് സ്‌നേഹവിരുന്ന് പങ്കുവച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍, ഗായകസംഘം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

നാളെ മുതല്‍ ശനിയാഴ്ച വരെ (ഏപ്രില്‍ 30-മെയ് 5) മാര്‍ സ്രാമ്പിക്കല്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ഇടയസന്ദര്‍ശനം നടത്തും. കമ്മ്യൂണിറ്റിയുടെ വിവിധ വാര്‍ഡുകളിലുള്ള ഭവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ വെഞ്ചരിക്കുകയും വിശ്വാസികളുമായി നേരില്‍ കാണുകയും ചെയ്യും. മേയ് 5-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നോട്ടിംഗ്ഹാം, ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും.

തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന മെത്രാന്‍ വചന സന്ദേശം നല്‍കുകയും വി. കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ വിവിധ സംഘടനകളുമായി സംസാരിക്കുകയും ചെയ്യും. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ്, ഗായകസംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപതാധ്യക്ഷന്‍ മുഖ്യ കാര്‍മ്മികനാകുന്ന ദിവ്യബലിയിലേയ്ക്കും തുടര്‍ന്ന് നടക്കുന്ന ചടങ്ങുകളിലേയ്ക്കും എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പള്ളിയുടെ അഡ്രസ് : St. Paul’s Roman Catholic, Lenton Boulevard, NGT 2 BY, Nottingham.