സീറോ മലബാര്‍ സഭയില്‍ മൂന്ന് ബിഷപ്പുമാര്‍ കൂടി നിയമിതരായി. തൃശൂര്‍ സഹായ മെത്രാന്‍ റവ ഫാ.ടോണി നീലങ്കാവില്‍, മസുകാബ രൂപതയുടെയും തലശേരി സഹായ മെത്രാന്‍ റവ.ഫാ.ജോസഫ് പാംപ്ലാനി നുംലുലി രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയിലെ റവ.ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ട്രിയോണ ബിഷപ്പ് ആയും നിയമിക്കപ്പെട്ടു. ഇന്നലെയാണ് റോമില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പ് ഉണ്ടായത്.

1967 ജൂലൈ 23ന് വലപ്പാട് ജനിച്ച ഫാ. ടോണി നീലിയാങ്കല്‍ തൃശൂര്‍ രൂപതാംഗമാണ്. സ്‌കൂള്‍ പഠനത്തിനു ശേഷം തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1993ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. നിലവില്‍ തൃശൂര്‍ മേരിമാത മേജര്‍ സെമിനാരിയില്‍ റെക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്.

തലശേരി രൂപതാംഗമായി 1969ലാണ് ഫാ.ജോസഫ് പാംപ്ലാനി ജനിച്ചത്. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ പഠനത്തിനുശേഷം തലശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1997ല്‍ പുരോഹിതപ്പട്ടം സ്വീകരിച്ചു. 2001-2006 കാലയളവില്‍ ബെല്‍ജിയത്തിലെ ലൂവന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. നിലവില്‍ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ഡയറക്ടറാണ്. ഇതിന്റെ സ്ഥാപകനും ഇദ്ദേഹം തന്നെയാണ്.

കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിലുള്ള മുളങ്കുന്നത്ത് 1967ലാണ് ഫാ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ജനിച്ചത്. 1992ല്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് സഭയുടെ ഒട്ടേറെ പ്രധാനപ്പെട്ട പദവികളില്‍ ഇരുന്നിട്ടുള്ള ഇദ്ദേഹം നിലവില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചു വരികയാണ്.