ബിറ്റ് കോയിന്‍ മൂല്യം 14000 ഡോളറും കടന്ന് കുതിക്കുന്നു; അവിശ്വസനീയതയോടെ സാമ്പത്തിക രംഗം. നേട്ടം കൊയ്തവരില്‍ യുകെ മലയാളികളും

by News Desk 1 | December 7, 2017 12:34 pm

ന്യൂയോര്‍ക്ക്. ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിന്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരത്തില്‍. ബിറ്റ്‌കോയിന്റെ വിനിമയമൂല്യം 14,000 ഡോളര്‍ എന്ന മാന്ത്രിക സംഖ്യയും കടന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. കഴിഞ്ഞ ആഴ്ച 10,000 ഡോളര്‍ മൂല്യമെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത് ഇന്ന് 14095 ഡോളര്‍ വിനിമയ നിരക്കിലെത്തിയത്. ഈ വര്‍ഷമാദ്യം 1000 ഡോളറില്‍ താഴെയായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ബിറ്റ്‌കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. സാങ്കല്‍പിക കറന്‍സിയിലുള്ള ഇടപാടുകള്‍ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്‌കോയിന്‍ കുതിക്കുന്നത് എന്നതും ശ്രദ്ധേയം.

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കല്‍പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. കംപ്യൂട്ടര്‍ ശൃംഖല വഴി ഇന്റര്‍നെറ്റിലൂടെ മാത്രമാണ് വിനിമയം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ്‌കോയിനാണു പ്രസിദ്ധം.

ഔദ്യോഗിക ഇടനിലക്കാരെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കുന്ന ബിറ്റ്‌കോയിന്‍ വിനിമയം രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കുമെന്ന് ആശങ്കയുണ്ട്. ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണ് ബിറ്റ്‌കോയിന്റെ സവിശേഷത.

കേന്ദ്ര ബാങ്കുകള്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയാണ് ബിറ്റ്‌കോയിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു പ്രവര്‍ത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും.

2009 മുതല്‍ ആണ് ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നതെങ്കിലും രണ്ട് വര്‍ഷത്തോളമേ ആയുള്ളൂ ഇത് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ട്. സാദ്ധ്യതകള്‍ മനസ്സിലാക്കി ഈ കാലയളവില്‍ ബിറ്റ് കോയിന്‍ ഒരു നിക്ഷേപ മാര്‍ഗ്ഗമായി സ്വീകരിച്ചവരില്‍ പലരും ഈ കുതിപ്പില്‍ ലക്ഷാധിപതികളും  കോടീശ്വരന്മാരും ആയിട്ടുണ്ട്. യുകെ മലയാളികളില്‍ ചിലരും ബിറ്റ് കോയിന്‍ നിക്ഷേപത്തിലൂടെ വന്‍ തുക നേടിക്കഴിഞ്ഞു.  ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേവലം 500 പൗണ്ട് വിലയുള്ളപ്പോള്‍ ബിറ്റ് കോയിന്‍ വാങ്ങിയ ഇവരുടെ കയ്യിലെ ഓരോ ബിറ്റ് കൊയിനും ഇന്ന് വില 11307 പൗണ്ട് ആണ്.

ഉയര്‍ന്ന മൂല്യം കരസ്ഥമാക്കിയതിലൂടെ  ബിറ്റ് കോയിന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേക്ക് വളര്‍ന്നതോടെ സമാനമായ്‌ മറ്റ് ക്രിപ്റ്റോ കറന്‍സികളിലേക്ക് അന്വേഷണം നീണ്ടു കഴിഞ്ഞു. പബ്ലിക് യൂസബിലിറ്റി ഉള്ള ക്രിപ്റ്റോ കാര്‍ബണ്‍ പോലുള്ള കറന്‍സികളില്‍  ആണ് ഇപ്പോള്‍ പലരും നിക്ഷേപ സാദ്ധ്യതകള്‍ തേടുന്നത്.

ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ബിറ്റ് കോയിന്‍ എന്താണ്? നിങ്ങള്‍ക്കറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇവിടെ വായിക്കാം

.

Source URL: http://malayalamuk.com/bit-coin-price-in-highest-level/