ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരെ ഫത്‌വ. ഡിജിറ്റല്‍ കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുസ്ലിം പണ്ഡിതര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ പല മുസ്ലിം രാജ്യങ്ങളിലെ പുരോഹിതന്‍മാരും ഇത്തരം സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ചൂതാട്ടത്തിന് തുല്ല്യമാണ് എന്നാരോപിച്ചാണ് മതപണ്ഡിതന്‍മാര്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ചൂതാട്ടം ഇസ്ലാമിക വിരുദ്ധമായ പ്രവര്‍ത്തിയാണ് അതിനോട് അടുത്തു നില്‍ക്കുന്നതാണ് ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളെന്ന് പുരോഹിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കറന്‍സികള്‍ക്കെതിരെ ഒടുവില്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത് ഈജിപ്തിലെ മുഖ്യ പുരോഹിതനാണ്. ഡിജിറ്റല്‍ കറന്‍സികള്‍ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തുന്ന ഫത്‌വ പുറപ്പെടുവിച്ചത് നിരവധി സാമ്പത്തിക വിദഗ്ദ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് ഗ്രാന്‍ഡ് മുഫ്തി ഷാക്കി ആലം വ്യക്തമാക്കി.

ഡിജിറ്റല്‍ കറന്‍സികളില്‍ പലതും നിയമ വിധേയമല്ലാത്തവയാണെന്നും ഇവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ചൂതാട്ടത്തിന് തുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയിലെ ഏറ്റവും ഉന്നതമായ മത സമിതിയായ ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സ് ക്രിപ്‌റ്റോകറന്‍സി പോലുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശം ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സ് മുന്നോട്ടു വെച്ചത്.