ക്രിപ്‌റ്റോ കറന്‍സി കോടീശ്വരന്‍മാര്‍ സ്വന്തം ക്രിപ്‌റ്റോ യുട്ടോപ്യ നിര്‍മിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടോറിക്കോയിലേക്ക് ചേക്കേറുന്നു. അടുത്തിടെയുണ്ടായ ക്രിപ്‌റ്റോ ബൂമില്‍ കോടീശ്വരന്‍മാരായവര്‍ തലസ്ഥാനമായ സാന്‍ഹുവാനിലേക്ക് എത്തുന്നുവെന്നാണ് വിവരം. സാമ്പത്തിക നിക്ഷേപം തേടുന്ന രാജ്യം ഇപ്പോള്‍ അധികം നികുതികള്‍ ഈടാക്കാത്തത് ഈ കരീബിയന്‍ ദ്വീപിനെ വലിയൊരു ആകര്‍ഷണ കേന്ദ്രമാക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഈ ദ്വീപ് രാജ്യത്തില്‍ ഫെഡറല്‍ പേഴ്‌സണല്‍ ആദായ നികുതി, ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് തുടങ്ങിയ നികുതികളും നല്‍കേണ്ടതായി വരുന്നില്ല.

മരിയ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിത്തമേകിക്കൊണ്ടാണ് ക്രിപ്‌റ്റോ കോടീശ്വരന്‍മാര്‍ ഇവിടെയെത്തുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കറന്‍സി ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന കാര്യം ബോധ്യപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്യൂര്‍ട്ടോപ്പിയ എന്നാണ് വിര്‍ച്വല്‍ കറന്‍സി ആധാരമായി പ്രവര്‍ത്തിക്കുന്ന പുതിയ നഗരത്തിന് ഇവര്‍ നിര്‍ദേശിച്ച പേര്. ഇത് പിന്നീട് സോള്‍ എന്നാക്കി മാറ്റുമെന്നും വിവരമുണ്ട്.

ബിറ്റ് കോയിന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്രോക്ക് പിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. നികുതി വെട്ടിക്കാനാണ് തങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ എത്തിയതെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ബാലനടനും പ്രൊഫഷണല്‍ ഗെയിമറുമായ പിയേഴ്‌സ് പറഞ്ഞു. എന്നാല്‍ ഹോട്ടലുകളും മ്യൂസിയങ്ങളുള്‍പ്പെടെ ഏറ്റെടുക്കാനും റൂസ്വെല്‍റ്റ് റോഡ്‌സ് നേവല്‍ സ്‌റ്റേഷനും വിമാനത്താവളവും വാങ്ങാനും അങ്ങനെ ഒകു ക്രിപ്‌റ്റോ ലാന്‍ഡ് സ്ഥാപിക്കാനുമാണ് തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.