വരുന്നു ജിയോ കോയിന്‍; മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്

by News Desk 5 | January 13, 2018 12:44 pm

മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.

നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Source URL: http://malayalamuk.com/bitcoin-mania-mukesh-ambani-led-reliance-jio-planning-cryptocurrency-jiocoin-report/