ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രനായി അണിയറ നീക്കം. ഓഗസ്റ്റിൽ സജീവ അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ സംഘടനാ തിരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇത്തവണ സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കി.

അതേസമയം, പി.കെ.കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിനായും പി.എസ്.ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിലം തൊടാതെ പോയ പാർട്ടിയിൽ ഇനി പരമ്പരാഗത നേതാക്കളെ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന ചർച്ചയുമുണ്ട്.

പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളിൽ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തലാണ് അടുത്ത കടമ്പ.

ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആർഎസ്എസും സമ്മതം നൽകിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ആക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തിൽ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ പുതുതായി ദേശീയതലത്തിൽ രൂപീകരിക്കുന്ന ലോ കമ്മിഷനിൽ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവർണർ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേൾക്കുന്നു.