ദളിത്‌ പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ്; പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി

ദളിത്‌ പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ്; പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി
April 03 14:01 2018 Print This Article

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദലിത് പ്രക്ഷോഭകര്‍ക്കുനേരെ രാജ സിംങ് ചൗഹാന്‍ എന്ന ബിജെപി നേതാവ് വെടിയുതിര്‍ക്കുന്നത്. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് മൂന്നു ദളിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കഴിഞ്ഞ ദിവസം രാജ സിംങ് ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദലിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവെപ്പ് എന്ന നിലയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. പിന്നീടാണ് ദലിത് പ്രക്ഷോഭകരല്ല മറിച്ച് ദലിതര്‍ക്കുനേരെ രാജ സിംങ് ചൗഹാനാണ് വെടിവെക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗവും ദളിതരാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദളിത് പീഡന പരാതികളില്‍ അറസ്റ്റ് പാടൂ എന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.

ശക്തമായ നിയമങ്ങളുണ്ടായിട്ട് പോലും രാജ്യത്ത് ദളിത് വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് വ്യക്തമാക്കി 150 ഓളം പട്ടിക ജാതി വര്‍ഗ സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷനും കേന്ദ്ര സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധി പുനഃപരിശോധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ദളിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ് വിട്ടയക്കപ്പെടുന്നവരുടെ തോത്. ദമുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടുന്നുവെന്നതാണ് നിയമത്തിന്റെ നട്ടെല്ല്. അത് ദുര്‍ബലപ്പെടുത്തിയാല്‍ അക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles