അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്റെ ബിജെപിക്കെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. കമ്പനിയെ കരിമ്പട്ടികയിൽ നിന്നൊഴിവാക്കാൻ പ്രമുഖ ബിജെപി നേതാവ് സഹായിച്ചെന്നാണ് മിഷേൽ വെളിപ്പെടുത്തിയത്.

നിലവിലെ രാജ്യസഭാംഗവും മുൻകേന്ദ്രമന്ത്രിയുമായ ബിജെപി നേതാവിനെതിരെയാണ് ആരോപണമെന്നാണ് സൂചന. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയെ മോദി സർക്കാരിന്റെ കാലത്താണ് പട്ടികയിൽ നിന്നൊഴിവാക്കിയത്.

അഗസ്റ്റ വെസ്റ്റ്ലാന്‍റിനു പുറമെ മറ്റു പ്രതിരോധ ഇടപാടുകളിലും ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടപെട്ടുവെന്നതിന്‍റെ തെളിവുകള്‍ ഉണ്ടെന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മിഷേല്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ ആവശ്യമായ ഒരു തെളിവുകളും മിഷേലില്‍ നിന്ന് സി.ബി.ഐക്കോ, ഇ.ഡിക്കോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മിഷേലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 26 വരെയാണ് ഡല്‍ഹി പട്യാലഹൗസ് കോടതി മിഷേലിനെ റിമാന്‍ഡ് ചെയ്തത്. ദുബായില്‍ അറസ്റ്റിലായിരുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.

ചോദ്യം ചെയ്യലിൽ മിഷേൽ മിസിസ് ഗാന്ധി എന്ന് പറഞ്ഞതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ എൽഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. മിസ്സിസ് ഗാന്ധി എന്ന് മിഷേൽ ഉദേശിച്ചത്‌ സോണിയ ഗാന്ധിയെയാണെന്ന് വ്യക്തമാക്കി ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദുബായിൽ അറസ്റ്റിലായ മിഷേലിനെ ഡിസംബർ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.