ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളാണ് നീലജലാശയ ദ്വീപില്‍ കാത്തിരിക്കുന്നത്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.

ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിന് സമീപമാണ് ദ്വീപിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാതാക്കളായ മിറാസ് ഒരുക്കുന്ന ദ്വീപിന് സവിശേഷതകള്‍ ഏറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതി സുപ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പുരോഗമിക്കുകയാണ്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഹോട്ടല്‍ സമുച്ചയങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് പൂര്‍ത്തിയാക്കുക. പണി പൂര്‍ത്തിയാകുന്ന ആദ്യഹോട്ടലില്‍ 178 ആഡംബര മുറികളും 96 അപ്പാര്‍ട്‌മെന്റുകളും ഉണ്ടാകും. ഒന്നുമുതല്‍ ആറുവരെ കിടപ്പുമുറികളുള്ളവയാണിവ. രണ്ടാമത്തെ ഹോട്ടലിലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. നാല് കിടപ്പുമുറികള്‍ വീതമാണ് ഇതിലുണ്ടാകുക. രണ്ടു ഹോട്ടലുകള്‍ക്കുമായി 450 മീറ്റര്‍ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, ആഢംബര അപ്പാര്‍ട്ട്‌മെന്റുകളുള്ള പത്തു കെട്ടിട സമുച്ചയങ്ങളും ദ്വീപിലുയരുകയാണ്. നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പൂന്തോട്ടങ്ങള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.

നിര്‍മ്മാണം പുരോഗമിക്കുന്ന ദ്വീപില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ടൂറിസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ നിലനിര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുന്ന, ഹാപ്പിനെസ് സൂചികയില്‍ ഒന്നാമത്തെ രാജ്യമാക്കി മാറ്റും. സാമ്പത്തികരംഗത്തു വൈവിധ്യവല്‍കരണ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ബാനി, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍, പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ഷെയ്ഖ് സായിദില്‍ നിന്ന് പ്രത്യേക പാത; ജലയാനങ്ങളും നടപ്പാതയും ദ്വീപിലേക്ക് ഷെയ്ഖ് സായിദില്‍ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആര്‍ടിഎ ആയിരിക്കും ഇതു പൂര്‍ത്തിയാക്കുക. ദ്വീപില്‍നിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും.

ദ്വീപിന്റെ എതിര്‍ഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത. കറങ്ങി കാണാം, കാഴ്ചകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലാകാനൊരുങ്ങുകയാണു ‘നീലജലാശയ ദ്വീപിലെ’ ഐന്‍ ദുബായ്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാല്‍ ദുബൈയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാം. 1400 യാത്രക്കാര്‍ക്ക് കയറാനാകും. 168 മീറ്റര്‍ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐന്‍ ദുബായ് റെക്കോഡിലേക്കു കറങ്ങുക. വീല്‍ റിമ്മിന്റെ ഓരോ ഭാഗത്തിനും രണ്ട് എയര്‍ബസ് എ 380ന്റെ ഭാരമുണ്ട്. ജര്‍മനിയില്‍നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണു നിര്‍മ്മാണം.

9000 ടണ്‍ സ്റ്റീല്‍ അവസാനഘട്ടം ആകുമ്പോഴേക്കും വേണ്ടിവരും. ഇതില്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഫടിക ക്യാബിനുകളാണ് ഉണ്ടാകുക. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ചവിധമാണ് രൂപകല്‍പന. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. സാഹസികപ്രിയര്‍ക്കായി 150 മീറ്റര്‍ ഉയരമുള്ള റോപ് ക്ലൈംബിങ് ഉണ്ടാകും. ഇവരുടെ സുരക്ഷയ്ക്കായി പരിശീലനം നേടിയ പ്രത്യേക സംഘത്തെ നിയോഗിക്കും.