ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. അപകടങ്ങള്‍ക്ക് വഴിവെക്കാവുന്ന ഗുരുതരമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഓടുന്നതിനിടയില്‍ എന്‍ജിന്‍ അപ്രതീക്ഷിതമായി നിന്നുപോകുന്നതാണ് തകരാറ്. ഈ തകരാര്‍ കാരണമുണ്ടായ അപകടത്തില്‍ ഒരു മുന്‍ ഗൂര്‍ഖ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 36,140 പെട്രോള്‍ കാറുകള്‍ കമ്പനി തിരികെ വിളിക്കുകയും ചെയ്തു. എന്നാല്‍ 2007 മാര്‍ച്ചിനും 2011 ഓഗസ്റ്റിനുമിടയില്‍ നിര്‍മിച്ച വണ്‍ സീരീസ്, 3 സീരീസ്, Z4, X1 പെട്രോള്‍, ഡീസല്‍ മോഡലുകളിലെല്ലാം ഈ സുരക്ഷാപ്രശ്‌നമുണ്ടെന്ന് വ്യക്തമായതോടെ 3,12,000 കാറുകള്‍ തിരികെ വിളിച്ചിരിക്കുകയാണ്.

2016 ക്രിസ്മസ് ദിനത്തിലാണ് നാരായണ്‍ ഗുരുങ് എന്ന് മുന്‍ ഗൂര്‍ഖ സൈനികന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹവും ഭാര്യയും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിയസ്റ്റ ഹാംപ്ഷയറിലെ എ- റോഡില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ നിലച്ചതുമൂലം നടുറോഡില്‍ നിന്നുപോയ ഒരു ബിഎംഡബ്ല്യു ബ്ലാക്ക് 3 സീരീസ് കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ തകരാറാണ് കാര്‍ നിന്നുപോകാന്‍ കാരണമായത്. ബ്രേക്ക്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ തകരാര്‍ ബിഎംഡബ്ല്യു കാറുകളില്‍ വ്യാപകമായുണ്ടാകാനിടയുണ്ടെന്ന് വ്യക്തമായത്.

അടുത്ത മൂന്നാഴ്ചയില്‍ ബിഎംഡബ്ല്യു കാറുകളുടെ ഉടമസ്ഥരെ നിര്‍മാതാക്കള്‍ ബന്ധപ്പെടുമെന്ന് വക്താവ് അറിയിച്ചു. ഒരു പ്ലഗ് മാറ്റിവെച്ചാല്‍ മാത്രം മതിയാകുമെന്നതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും വക്താവ് പറഞ്ഞു. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായത് കാറുകളുടെ ഇലക്ട്രിക്കല്‍ തകരാറാണെന്നത് കമ്പനി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഡിവിഎല്‍എ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.