ഈല്‍ നദിയിലെ അപകടം: സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

by News Desk 1 | April 16, 2018 6:30 pm

കാലിഫോര്‍ണിയയ്ക്ക് സമീപം കാര്‍  ഈല്‍ നദിയില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ ഗൃഹനാഥന്‍ സന്ദീപ്‌ തോട്ടപ്പള്ളി (42)യുടെയും മകള്‍ സാച്ചി തോട്ടപ്പള്ളി(09)യുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സന്ദീപിന്‍റെ ഭാര്യ സൗമ്യ തോട്ടപ്പള്ളി(38)യുടെ മൃതദേഹം വെള്ളിയാഴ്ച ഈല്‍ നദിയില്‍ നിന്നും കണ്ടെടുത്തിരുന്നു.  ഞായറാഴ്ച ഉച്ചയോടെയാണ് സന്ദീപ്‌, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാര്‍ നദിയില്‍ വീണ സ്ഥലത്ത് നിന്നും അര മൈല്‍ ദൂരെ നദിയുടെ അടിത്തട്ടിലെ ചെളിയില്‍ പൂണ്ട നിലയില്‍ ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. നദിയുടെ മുകള്‍പരപ്പില്‍ എണ്ണമയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്.

ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് കാര്‍ ചെളിയില്‍ നിന്നും പുറത്തെടുത്ത് കരയ്ക്കെത്തിച്ചത്. കാറിന്‍റെ പിന്‍സീറ്റില്‍ നിന്നാണ് സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാറിന്‍റെ ചില്ല് തകര്‍ന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇത് ഇവര്‍ രക്ഷപെടാന്‍ നടത്തിയ ശ്രമത്തില്‍ സംഭവിച്ചതാണ് എന്ന് കരുതുന്നു.

ഏപ്രില്‍ ആറിനാണ് സന്ദീപും കുടുംബവും അപകടത്തില്‍ പെട്ടത് എന്ന് കരുതുന്നു. ഇവര്‍ എത്തിച്ചേരും എന്ന് പറഞ്ഞിരുന്ന വീട്ടില്‍ ഇവര്‍ എത്തിചേരാതിരുന്നതിനെ തുടര്‍ന്ന് എട്ടാം തീയതിയോടെയാണ് ഇവരെ കാണാനില്ല എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്‍ ഈല്‍ നദിയിലേക്ക് വീഴുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. റോഡരികില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ കാര്‍ നദിയിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.

സന്ദീപ്‌, സൗമ്യ, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥിന് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

Source URL: http://malayalamuk.com/bodies-of-missing-family-found/